
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുളമാംകുഴിയിൽ ശക്തമായ മഴയിൽ നിർമ്മാണത്തിലിരിക്കുന്ന പള്ളിയുടെ മതിൽ ഇടിഞ്ഞുവീണ് സമീപത്തെ വീട് തകർന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. നിർമ്മാണത്തിലിരുന്ന പള്ളിയുടെ മതിലാണ് ഇടിഞ്ഞുവീണത്. സമീപത്തെ രത്നമ്മയുടെ വീടാണ് തകർന്നത്. തുടർച്ചയായി പെയ്യുന്ന മഴ കാരണം അമ്പൂരിയിലെ ആദിവാസി ഉൗരുകൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പഞ്ചായത്തിൽ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിക്കാൻ അമ്പൂരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം പൂർണമായും തകർന്ന നിലയിലാണ്. പാറശാല വെള്ളറട മലയോര ഹൈവേയിൽ ചെറിയകൊല്ല ജംഗ്ഷന് സമീപം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുകയാണ്. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വെള്ളം ഒഴുക്കിവിടുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
ക്യാപ്ഷൻ: കുളമാംകുഴിയിൽ നിർമ്മാണത്തിലിരിക്കുന്ന പള്ളിയുടെ മതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് തകർന്ന രത്നമ്മയുടെ വീട്