കാട്ടാക്കട: താലൂക്ക് ആസ്ഥാനമായ കാട്ടാക്കട രാത്രി ഇരുട്ടിൽ. കാട്ടാക്കട മാർക്കറ്റ് ജംഗ്ഷൻ മുതൽ കാട്ടാക്കട തിരുവനന്തപുരം റോഡ് തിരിയുന്നത് വരെ നാൽപ്പതിലേറെ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ കത്തുന്നതാകട്ടെ പത്തിൽ താഴെ മാത്രമാണ്. കാട്ടാക്കടയിലെ വാണിജ്യ - വ്യാപാര സ്ഥാപനങ്ങൾ രാത്രിയിൽ അടച്ചുകഴിഞ്ഞാൽ കാട്ടാക്കട ടൗൺ കൂരിരിട്ടിലാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോ ഉൾപ്പെടുന്ന പ്രദേശവും ഇരുട്ടിൽ തന്നെയാണ്.
തെരുവ് വിളക്കുകൾ കത്താതായതോടെ കാട്ടാക്കടയിലേയും സമീപപ്രദേശങ്ങളിലേയും ഇടറോഡുകളിൽ സാമൂഹ്യവിരുദ്ധ ശല്യവും, മദ്യപശല്യവും കൂടി.അതുപോലെ ഈ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമായത് കാരണം ടൗണിൽ പലയിടങ്ങളിലും ദുർഗന്ധം കാരണം വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

തെരുവ് വിളക്കിനായി ലക്ഷങ്ങൾ ചെലവിടുന്നതായി പറയുന്നുണ്ടെങ്കിലും വിളക്കുകൾ കത്തുന്നുണ്ടോ പരാതിപ്പെട്ടാൽ നടപടി സ്വീകരിക്കാനോ തയ്യാറാകുന്നില്ല.യഥാസമയം അറ്റകുറ്റപണികൾ നടത്താത്തതും അമിത വോൾട്ടേജും കാരണം നശിക്കുന്ന തെരുവ് വിളക്കുകൾ കത്തിക്കാനായി പഞ്ചായത്ത് - വൈദ്യുതി വകുപ്പ് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടാക്കട - പൂവച്ചൽ പഞ്ചായത്ത് പരിധിയിലാണ് കാട്ടാക്കട ടൗൺ. കാട്ടാക്കട പഞ്ചായത്തിലെ പലേടത്തേയും തെരുവ് വിളക്കുകൾ കത്തിയിട്ട് മാസങ്ങളായി. കിള്ളി - തൂങ്ങാംപാറ റോഡിലെ തെരുവ് വിളക്കുകൾ കത്തിയിട്ട് മാസങ്ങളായെന്ന് പ്രദേശവാസികൾ പറയുന്നു. പരാതി പറഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇലക്ട്രിസിറ്റി ബോർഡിൽ പരാതിപ്പെട്ടാൽ തെരുവ് വിളക്കുകൾ കത്തിക്കുന്നത് പഞ്ചായത്തിന്റെ ചുമതലയിലാണെന്നാണ് പറഞ്ഞ് കെ.എസ്.ഇ.ബി അധികൃതർ കൈയൊഴിയുകയാണ്.

തെരുവ് വിളക്കുകൾ മെയിന്റനൻസിനായി പഞ്ചായത്തുകൾ ലക്ഷക്കണക്കിന് രൂപയാണ് വർഷംതോറും ചെലവിടുന്നത്. എന്നാൽ പ്രധാന കേന്ദ്രങ്ങളായ കെ.എസ്.ആർ.ടി.സി ഡിപ്പോ, ഡി.വൈ.എസ്.പി ഓഫീസ്, പൊലീസ് സ്റ്റേഷൻ, ബാങ്കുകൾ, ആശുപത്രി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന താലൂക്ക് ആസ്ഥാനത്ത് കൂടി രാത്രിയിൽ യാത ദുഷ്കരമാണ്. ഇരുളിന്റെ മറവിൽ കാട്ടാക്കട പ്രദേശത്ത് നടന്നിട്ടുള്ള മോഷണങ്ങളുടെ കണക്കെടുത്താൽ ഇത് വ്യക്തമാകും.