p

തിരുവനന്തപുരം: കോളേജുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള കടുത്ത നിബന്ധനകൾ പിൻവലിക്കണമെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. പി.ജി വെയ്റ്റേജ് ഒഴിവാക്കിയതും ,അധിക തസ്തികയ്ക്ക് 16 മണിക്കൂർ നിർബന്ധമാക്കിയതും തസ്തികകൾ കുറയാനിടയാക്കി.

എയ്ഡഡ് കോളേജുകളിലെ അനാവശ്യ നിയമനം തടയാൻ 2020ഏപ്രിലിൽ ഇറക്കിയ ഉത്തരവ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചെന്ന വിലയിരുത്തലിലാണ് ഇതേക്കുറിച്ച് പഠിച്ച മൂന്നംഗ സമിതിയുടെ ശുപാർശ . സർവകലാശാലകളിലെ പി.ജി വകുപ്പുകളിൽ ആറ് അദ്ധ്യാപക തസ്തികയുള്ളപ്പോൾ ,ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ മൂന്നു മാത്രം. ഇങ്ങനെ ആയിരത്തോളം തസ്തിക ഇല്ലാതായി.

പി.ജി ക്ലാസുകളിൽ ഒരു മണിക്കൂർ പഠിപ്പിച്ചാൽ ഒന്നര മണിക്കൂറായി കണക്കാക്കി വെയ്റ്റേജ് നൽകൽ നിറുത്തിയത് 2020ലാണ്. സബ്സിഡിയറി, സെക്കൻഡ് ലാംഗ്വേജ് വിഷയങ്ങളാണ് 16 മണിക്കൂറിൽ താഴെ ജോലി ഭാരമുള്ള സിംഗിൾ ഫാക്കൽ​റ്റിയിൽ വരുന്നത്. 16മണിക്കൂർ നിർബന്ധമാക്കിയതോടെ ഈ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയോഗിക്കേണ്ട സ്ഥിതിയായി. 550സ്ഥിരം തസ്തികകളെങ്കിലും ഇങ്ങനെ ഇല്ലാതായി. ആറ് മണിക്കൂർ ജോലിഭാരമുണ്ടെങ്കിൽ സിംഗിൾ ഫാക്കൽ​റ്റി വിഷയങ്ങളിൽ സ്ഥിരം തസ്തിക വേണമെന്നും അധിക തസ്തികയ്ക്ക് 16മണിക്കൂർ ജോലിഭാരമെന്ന നിബന്ധന ഒഴിവാക്കണമെന്നും സമിതി ശുപാർശ ചെയ്തു. എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാർ അഞ്ചു മണിക്കൂർ പഠിപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. പ്രൊഫസർ, അസോ.പ്രൊഫസർ തസ്തികകളിലെ ജോലിഭാരം 14മണിക്കൂറായി കുറയ്ക്കണമെന്നും ഡി.കെ. സതീഷ്, കെ.എസ്. ജയചന്ദ്രൻ, കെ.പി. സുകുമാരൻ നായർ എന്നിവർ അംഗങ്ങളായ സമിതി ശുപാർശ ചെയ്തു.