khadhi

തിരുവനന്തപുരം: ഖാദിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ടവർ ഇപ്പോൾ തീവ്രവർഗീയതക്ക് പിന്നാലെ പോവുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഖാദി വെറും വസ്ത്ര ഉത്പാദന കേന്ദ്രം മാത്രമല്ല.സാംസ്‌കാരികവും രാഷ്ട്രീയവുമായ പോരാട്ടത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മതമൗലിക രാഷ്ട്രീയ സംസ്‌കാരം വളർത്താൻ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് ഖാദി ജനാധിപത്യത്തിന്റെ ചിഹ്നമാണ്.ഖാദിബോർഡിലെ തൊഴിലാളികൾക്കുള്ള ശമ്പള കുടിശിക നൽകാൻ പത്ത് കോടി രൂപ അടിയന്തരമായി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

മന്ത്രി ആന്റണിരാജു അദ്ധ്യക്ഷത വഹിച്ചു.ഖാദി ബോർഡ് വൈസ്‌ ചെയർമാൻ പി.ജയരാജൻ ആദ്യ വിൽപന നടത്തി.ഖാദി ബോർഡിന്റെ പുതിയ ലോഗോ മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു.ആയിരം രൂപയ്‌ക്ക്‌ മുകളിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് പത്ത്‌ പവൻ സ്വർണം ബമ്പറായി ലഭിക്കുന്ന സമ്മാനകൂപ്പൺ മന്ത്രി ആന്റണി രാജു പുറത്തിറക്കി.സർക്കാർ സർവീസിലെ ഡോക്ടർമാർക്കായി ഖാദിയിൽ നിർമ്മിച്ച കോട്ട് ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവും നഴ്‌സുമാർക്കുള്ള കോട്ട്‌ നഴ്സിംഗ് എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ.ആർ.ബിൻസിയും മന്ത്രിമാരിൽ നിന്ന് ഏറ്റുവാങ്ങി. ചുരിദാർ ടോപ്പുകളും ചടങ്ങിൽ പുറത്തിറക്കി.ഖാദി ക്ഷേമ ബോർഡ് ചെയർപേഴ്സൺ സോണി കോമത്ത്,ഖാദി വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ്,ബോർഡ് അംഗങ്ങളായ കെ.പി.രണദിവെ,​സാജൻ തോമസ്,എസ്.ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.