മലയിൻകീഴ്: ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറിക്കിയതോടെ പ്രദേശത്തെ യുവാക്കൾ ലഹരിക്ക് അടിമകളാകുന്നു. സാംസ്കാരിക പെരുമയിൽ പേരുകേട്ട മലയിൻകീഴ് ആനപ്പാറ കോളേജ്- സ്കൂൾ പരിസരം, പേയാട്, പുന്നാവൂർ, ഊരൂട്ടമ്പലം, കണ്ടല, പോങ്ങുംമൂട് മേഖലകളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നതായി പരാതി. പേയാട് വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോഗ്രാം കഞ്ചാവ് പായ്ക്കറ്റുകൾ എക്സൈസ് പിടിച്ചെടുത്തത് ഇക്കഴിഞ്ഞ ഒക്ടോബർ 1 നാണ്. ആഡ്രപ്രദേശിൽ നിന്ന് കൊറിയറായിട്ടാണ് കഞ്ചാവ് പായ്ക്കറ്റുകൾ കൊണ്ടുവന്നത്.

ലഹരി വില്പനയും ഉപയോഗവും വർദ്ധിച്ചതോടെ സാമൂഹ്യവിരുദ്ധശല്യവും പ്രദേശത്താകെ കൂടിയിട്ടുണ്ട്. യുവാക്കളും വിദ്യാർത്ഥികളുമാണ് ലഹരിമാഫിയാ സംഘത്തിന്റെ പ്രധാന ഇരകൾ. ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് ലഹരിമാഫിയാ സംഘം പ്രദേശത്താകെ താവളമാക്കിയതിൽ നാട്ടുകാർ ഭീതിയിലാണ്. വിവരം നൽകിയാൽ മാത്രമേ എക്സൈസും പൊലീസും അന്വേഷണത്തിന് തയാറാകുന്നുള്ളൂ. അവരുടേതായ നിലയ്ക്കുള്ള അന്വേഷണം ഉണ്ടാകാറേയില്ലെന്നാണ് പൊതുവേ ഉയർന്നിട്ടുള്ള ആക്ഷേപം.

വിദ്യാർത്ഥികൾ കണ്ണികൾ

ഏജന്റുമാർ എത്തിക്കുന്ന കഞ്ചാവ് പൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നുണ്ട്. മലയിൻകീഴ് അതിർത്തിയിൽ ഇത്തരത്തിലുള്ള വില്പന പൊടിപൊടിക്കുകയാണ്. മലയിൻകീഴ് സ്കൂൾ-കോളേജ് റോഡ് ആരംഭിക്കുന്നിടത്തെ വെയിറ്റിംഗ് ഷെഡ് കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ വിദ്യാർത്ഥികളെ വലയിലാക്കും. പെൺകുട്ടികളെ വരെ ഇത്തരത്തിൽ ലഹരി ഉപയോഗത്തിന് മറ്റ് കുട്ടികളെ ഉപയോഗിച്ച് പ്രേരിപ്പിക്കാറുണ്ടെന്നും സ്കൂൾ അധികൃതർക്ക് ലഭിച്ച വിവരം.

കഞ്ചാവിന്റെ ശേഖരം

ഗ്രാമീണ മേഖലകളിൽ വിവിധ സ്ഥലങ്ങളിൽ വൻ തോതിൽ കഞ്ചാവ് ശേഖരം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് പിടികൂടുന്നത് ചെറുമീനുകളെയാണ്. വമ്പൻ സ്രാവുകളായ ലഹരി മാഫിയ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് ശേഖരത്തെ സംബന്ധിച്ച് പൊലീസിന് വിവരം നൽകുന്നവർക്കെതിരെ പലപ്പോഴും ആക്രമണം നടന്നിട്ടുണ്ട്. വിളപ്പിൽശാല വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി പെലീസ് ഇക്കഴിഞ്ഞ ജൂൺ 23 നാണ് കണ്ടെത്തിയത്. കഞ്ചാവ് കേസിൽ ഒരിക്കൽ പിടികൂടുന്ന വ്യക്തികളെ ചുറ്റിപ്പറ്റിയാകും അധികൃതരുടെ നീക്കങ്ങൾ. എന്നാൽ ഇതുവരെ പിടിക്കപ്പെടാത്തവരും ഇക്കൂട്ടത്തിലുണ്ട്.

സിഗററ്റിലും

സിഗററ്റുകളിൽ കഞ്ചാവ് തിരുകി ആവശ്യക്കാർക്ക് പായ്ക്കറ്റ് കണക്കിന് എത്തിക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. കണ്ണികളില്ലാതെ ലഹരി മാഫിയാസംഘം നേരിട്ട് ആവശ്യക്കാർക്ക് എത്തിക്കുന്നുമുണ്ട്. നിരവധി കേസുകളിൽ ഉൾപ്പെട്ടവരും കുപ്രസിദ്ധ ഗുണ്ടാ സംഘവുമാണ് വില്പന നടത്താറ്. ഒരു ഫോൺ കാളിൽ ഇരിക്കുന്നിടത്ത് ലഹരി എത്തുന്നതിനാൽ കഞ്ചാവ് ഉൾപ്പെടെയുള്ളവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇതാണ് മാഫീയ സംഘം സജീവമായി ഈ രംഗത്ത് തുടരുന്നത്. എന്നാലിപ്പോൾ യുവതീയുവാക്കൾ എം.ടി.എമ്മിലേക്ക് തിരിയുന്നത് രക്ഷിതാക്കളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

മദ്യമില്ലെങ്കിൽ കഞ്ചാവ്

ബിവറേജ് ഔട്ട്ലെറ്റുകൾക്ക് അവധിയാണെങ്കിൽ കഞ്ചാവിനും മറ്റ് ലഹരി വസ്തക്കൾക്കും വൻ ഡിമാന്റായിരിക്കും. ലഹരിയിലേക്ക് യുവാക്കൾ എത്തിപ്പെടുന്നത് വൻ സാമൂഹ്യ-അരക്ഷിതാവസ്ഥയ്ക്ക് ഇടയാകും. വിവിധ റസിഡന്റ്സ് അസോസിയേഷനുകളും യുവജനസംഘടനകളും ലഹരിക്കെതിരെ രംഗത്തുവരാറുണ്ടെങ്കിലും ഇതുവരെ ഫലം കണ്ട് തുടങ്ങിയിട്ടില്ല.