
പാലോട്:ആയിരത്തോളം കുടുംബങ്ങളുടെ സ്വപ്നമായ മണലിപാലം 7ന് വൈകിട്ട് 4ന് മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അൻപതു വർഷമായുള്ള നാട്ടുകാരുടെ സ്വപ്നമാണ് സഫലമാകുന്നത്.നേരത്തേ ഉണ്ടായിരുന്ന പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെ തുടർന്ന് നിർമ്മിച്ച ചെറിയ ഇരുമ്പുപാലമാണ് ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്.നിലവിലുണ്ടായിരുന്ന പാലത്തിന് സമാന്തരമായാണ് പുതിയ പാലം.2.10 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പാലത്തിന് 20.6 മീറ്റർ നീളവും 7 മീറ്റർ വീതിയുമാണുള്ളത്.
2020ൽ നബാർഡിൽ നിന്ന് 1.68 കോടി രൂപയും മുൻ എം.എൽ.എ കെ.എസ് ശബരീനാഥന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപയും അനുവദിച്ചിരുന്നു.മേയ് 26നുണ്ടായ ശക്തമായ മഴയിൽ നിർമ്മാണ ഘട്ടത്തിലായിരുന്ന പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും ജി.സ്റ്റീഫന്റെ ഇടപെടലിനെ തുടർന്ന് പാലം യാഥാർത്ഥ്യമാകുകയായിരുന്നു.എക്സി.എൻജിനിയർ രാജേഷ്,അസി.എക്സി.എൻജിനീയർ ദീപ,അസി.എൻജിനീയർ നിഷാ പിള്ള, ഓവർസിയർ രജിത എന്നിവരുടെ മേൽനോട്ടത്തിൽ നന്ദിയോട് ശിവാ കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ സുനിലാലിന്റെ നേതൃത്വത്തിലായിരുന്നു പാലം നിർമ്മാണം.