veedu

വിതുര: ശമനമില്ലാതെ പെയ്തിറങ്ങുന്ന തേരാമഴ മലയോരമേഖലയിൽ തീരാദുരിതം വിതയ്ക്കുന്നു. തുടർച്ചയായി അഞ്ച് ദിവസം മഴ കോരിച്ചൊരിഞ്ഞതോടെ ജനം അക്ഷരാർത്ഥത്തിൽ നട്ടംതിരിയുകയാണ്. പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനാന്തരങ്ങളിലാണ് മഴ ശക്തമായിട്ടുള്ളത്. ഇതോടെ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിൽത്തന്നെ. മലവെള്ളപ്പാച്ചിലിനെ തുടർന്ന് അനവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. മാത്രമല്ല വെള്ളംകയറി കൃഷികളും വ്യാപകമായി നശിച്ചതോടെ കർഷകർ കടക്കെണിയിലായി. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയിരുന്ന പച്ചക്കറി, വാഴ കൃഷികൾ മുഴുവൻ വെള്ളം കയറി നശിച്ചു. വിവിധ പഞ്ചായത്തുകളിലായി ഒരുകോടിയിൽ പരം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വില്ലേജിന്റെയും പഞ്ചായത്തിന്റെയും കൃഷിഭവനുകളുടേയും നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുകയാണ്. ഇന്നലെ പെയ്ത കനത്ത മഴയിൽ വിതുര കളിയിക്കൽ ജിഷാഭവനിൽ തങ്കച്ചി അലക്സിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കളിയിക്കലിലേക്കുള്ള റോഡിന്റെ വശവും മഴയത്ത് ഇടിഞ്ഞുവീണു. ആനപ്പാറ തലത്തൂതക്കാവ് സ്കൂളിലേക്കുള്ള റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതതടസമുണ്ടായി. വിതുര ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മഴയത്ത് വൈദ്യുതിലൈനുകളും വ്യാപകമായി പൊട്ടിവീണു. മഴ ശക്തമായതോടെ മിക്ക മേഖലകളിലും വൈദ്യുതി വിതരണവും തടസപ്പെടുന്നുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം നിമിത്തം കൊവിഡ്, തക്കാളിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളും വ്യാപിക്കുകയാണ്. ആശുപത്രികളിൽ രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്ന ആദിവാസിമേഖലകളിൽ സൗജന്യറേഷനും മരുന്നും നൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.