
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും. പതാക ഉയർത്തുന്നത് ഫ്ളാഗ് കോഡുകൾ ലംഘിക്കാതെ ആയിരിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. വീടുകളിൽ 13ന് ഉയർത്തുന്ന പതാക 15ന് സൂര്യാസ്തമയത്തിനു മുമ്പ് താഴ്‌ത്തണം.
തറയിൽ തൊടുന്ന തരത്തിലോ മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പമോ ഉയർത്തരുത്. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്‌ക്ക് മുകളിലോ അരികിലോ സ്ഥാപിക്കരുത്. ദേശീയപതാക തലതിരിയാതിരിക്കാൻ ശ്രദ്ധിക്കണം. തോരണമായി ഉപയോഗിക്കരുത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങി ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേ തൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല.