
അൽക്വയ്‌ദ തലവൻ അയ്‌മൽ അൽ സവാഹിരിയെ കാബൂളിൽ ഡ്രോൺ ആക്രമണത്തിൽ അമേരിക്ക വധിച്ചതും ചൈനയുടെ വിരട്ടൽ വകവയ്ക്കാതെ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തിയതും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള രണ്ട് അന്താരാഷ്ട്ര സംഭവങ്ങളാണ്. 2011-ലാണ് അൽ ക്വയ്‌ദയുടെ മുൻ തലവൻ ഒസാമ ബിൻ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദിൽ അമേരിക്കൻ ഭടന്മാർ നേരിട്ട് ചെന്ന് വധിച്ചത്. അതിനുശേഷം ഭീകര സംഘടനയുടെ നേതൃത്വം സവാഹിരി ഏറ്റെടുക്കുകയായിരുന്നു. 2001 സെപ്തംബർ 11ന് അമേരിക്കയിൽ നടന്ന ആക്രമണത്തിനുള്ള പ്രതികാരമാണ് ലാദനെ വധിക്കാനുള്ള പ്രധാന കാരണം. ഈജിപ്ഷ്യൻ പൗരനും ഡോക്ടറുമായ സവാഹിരി നേതൃത്വം ഏറ്റെടുത്തതിന് ശേഷവും ഭീകരാക്രമണങ്ങൾ വർദ്ധിക്കുകയാണുണ്ടായത്. സവാഹരിക്ക് ശേഷം സെയ്‌ഫ് അൽ അദേൽ എന്ന മറ്റൊരു ഭീകരൻ സംഘടനയുടെ തലവനാകുമെന്നാണ് വാർത്തകൾ. ഭീകര സംഘടനയുടെ നേതാക്കളെ അവരുടെ താവളങ്ങളിലെത്തി വധിക്കുന്നത് രാഷ്ട്രീയമായി അമേരിക്കയിൽ ബൈഡൻ ഭരണകൂടത്തിന് നേട്ടം നൽകുമെങ്കിലും ഭീകര ഭീഷണിയിൽ നിന്ന് ലോകം മുക്തമാകുന്നില്ല. ഭീകരർക്ക് പ്രവർത്തിക്കാനും തമ്പടിക്കാനുമുള്ള അനുവാദം നൽകുന്ന രാജ്യങ്ങൾ സ്വമേധയാ വിചാരിച്ചാൽ മാത്രമേ ഇതിന് കുറവ് വരികയുള്ളൂ. ലാദനെ പാകിസ്ഥാനാണ് ഒളിവിൽ കഴിയാൻ സഹായിച്ചത്. ലാദന്റെ ഒളിത്താവളത്തിന്റെ വിവരങ്ങൾ അമേരിക്കയ്ക്ക് നൽകിയതിന് പിന്നിലും പാകിസ്ഥാനാണെന്ന വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. അമേരിക്കയിൽ നിന്ന് വൻ സാമ്പത്തിക സഹായം തേടാൻ ലാദൻവധം അവർ അവസരമാക്കി മാറ്റുകയും ചെയ്തിരുന്നു. പാകിസ്ഥാന്റെയും അഫ‌്‌ഗാനിസ്ഥാന്റെയും സഹകരണമില്ലാതെ അമേരിക്കയ്ക്ക് സവാഹിരിയെ വധിക്കാനാവില്ല എന്നത് ആർക്കും ഉൗഹിക്കാനാവുന്നതാണ്. സ്ഫോടനങ്ങളിലൂടെയും ബോംബാക്രമണങ്ങളിലൂടെയും മറ്റും ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയിട്ടുള്ള ഭീകരതലവന്മാർ വധിക്കപ്പെടുന്നത് സമാധാനകാംക്ഷികളായ ലോകജനത പൊതുവേ സ്വാഗതം ചെയ്യുമെങ്കിലും ഭീകര ഭീഷണിയുടെ കാർമേഘങ്ങൾ വീണ്ടും ഉരുണ്ടുകൂടുന്നത് കുറയാത്തതിൽ അവർ ആശങ്കാകുലരാണ്. മുള്ളിനെ മുള്ളുകൊണ്ട് നീക്കം ചെയ്യുമ്പോൾ ലോകത്ത് മുള്ളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. അതിനാൽ ഐക്യരാഷ്ട്ര സഭ മുൻകൈയെടുത്ത് സമന്വയത്തിന്റെയും ചർച്ചയുടെയും സമാധാനപരമായ മാർഗങ്ങൾ കൂടി ഭീകര ഭീഷണി ഒഴിവാക്കാൻ എടുക്കേണ്ടത് ഈ
കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയ്ക്കും അതിൽ ഒരു നിർണായകപങ്ക് വഹിക്കാനാവും.
ഇപ്പോൾത്തന്നെ മോശമായിരിക്കുന്ന ചൈന - അമേരിക്ക ബന്ധം കൂടുതൽ വഷളാകുന്ന ഘട്ടത്തിലേക്ക് നീങ്ങാൻ പെലോസിയുടെ തായ്‌വാൻ സന്ദർശനം ഇടയാക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. തായ്‌വാൻ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചുറ്റുമുള്ള കടലിൽ ചൈന യുദ്ധസന്നാഹങ്ങൾ വർദ്ധിപ്പിക്കുന്നത് ആശങ്ക ഉയർത്തിയിരിക്കുന്ന സന്ദർഭത്തിലുള്ള നാൻസിയുടെ സന്ദർശനം ചൈനയെ കൂടുതൽ പ്രകോപിപ്പിക്കാനാണ് സാദ്ധ്യത. തീയുമായി കളിക്കുന്നവർ തീയാൽ നശിക്കുമെന്ന മുന്നറിയിപ്പാണ് ചൈന നൽകിയിരിക്കുന്നത്. യുക്രെയ്ൻ - റഷ്യ യുദ്ധം ശമിക്കാതെ തുടരുന്നതും ചൈന - തയ്‌വാൻ വിരോധം ആളിക്കത്താൻ തുടങ്ങുന്നതും ലോകത്തൊട്ടാകെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ചേരിതിരിവിനാണ് ഇടയാക്കുന്നത്. ഇതിന്റെ ഫലം എന്താകുമെന്നത് വരും നാളുകളിൽ കാത്തിരുന്ന് കാണേണ്ടതാണ്. കൊവിഡാനന്തരം എന്തായാലും ലോകം കൂടുതൽ അശാന്തിയിലേക്ക് നീങ്ങുന്നത് ശുഭകരമല്ല.