കല്ലമ്പലം: നാശത്തിന്റെ വക്കിലായിരുന്ന നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ താഴെ വെട്ടിയറ നെൽകൃഷി പാടശേഖരം സംരക്ഷിക്കാൻ പാടശേഖരസമിതി നടത്തുന്ന ശ്രമങ്ങൾ പ്രതിസന്ധിയിൽ. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് ഏക്കറോളം തരിശുകിടന്ന നെൽപ്പാടത്ത് കൃഷിയിറക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വയലുകളിലെ പാഴ്മരങ്ങൾ മുറിച്ചുമാറ്റി നീർച്ചാലുകൾ സ്ഥാപിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചെങ്കിലും ചില സ്വകാര്യ വ്യക്തികൾ പ്രവർത്തി തടസ്സപ്പെടുത്തുന്നുവെന്നാണ് കർഷകരുടെ പരാതി. പാടത്ത് ജലസേചന സൗകര്യം ഉറപ്പാക്കിയാൽ തരിശുനിലങ്ങളിൽ നെൽകൃഷി ചെയ്യാൻ കർഷകർ തയാറാണ്. കൃഷി ഓഫീസർക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കും പരാതി നൽകിയെങ്കിലും തർക്കം പരിഹരിക്കാനുള്ള യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. മണ്ണിട്ട് നികത്തിയ വയലുകളിലെ റബർ മരങ്ങൾ മുറിച്ചുമാറ്റി നെൽകൃഷി ചെയ്യാൻവേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.