
എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ ബി.ടെക് പരീക്ഷാഫലം റെക്കാഡ് വേഗത്തിലാണ് പുറത്തുവന്നത്. ചില സാങ്കേതിക ന്യൂനതകളെത്തുടർന്ന് ഫലം സർവകലാശാല തന്നെ മരവിപ്പിച്ചിരുന്നു. ആവശ്യമായ തിരുത്തലുകൾക്കുശേഷം മൂന്നുദിവസത്തിനകം വീണ്ടും പ്രസിദ്ധീകരിക്കുമെന്നാണ് ഉറപ്പ്. ആദ്യം പുറത്തുവന്ന ഫലങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാകാൻ ഇടയില്ലെന്നാണു കേൾക്കുന്നത്. അതെന്തായാലും നമ്മുടെ എൻജിനീയറിംഗ് വിദ്യാഭ്യാസത്തെക്കുറിച്ച് പതിവുപോലെ കാതലായ ചില ചോദ്യങ്ങൾ ഉയർത്തുന്നതാണ് ബി.ടെക് പരീക്ഷാഫലമെന്ന് ഒറ്റനോട്ടത്തിൽ ബോദ്ധ്യമാകും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എൻജിനിയറിംഗ് കോഴ്‌സുകൾക്ക് കുട്ടികൾ പൊതുവേ കുറവായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്ന് സാങ്കേതിക സർവകലാശാലാ അധികൃതർ പറയുന്നു. അതേസമയം കഴിഞ്ഞ ആറേഴുവർഷത്തിനിടെ സ്വാശ്രയ മേഖലയിൽ മുപ്പതോളം കോളേജുകൾ പൂട്ടേണ്ടിവന്നു എന്നത് മറക്കാവതല്ല. എൻജിനീയറിംഗിൽ താത്‌പര്യമോ അഭിരുചിയോ ഇല്ലാത്ത കുട്ടികൾ മറ്റൊരു വിഷയവും ലഭിക്കാതെ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ കൂട്ടത്തോടെ കയറിപ്പറ്റിയപ്പോഴാണ് വലിയ തോതിൽ നിലവാരത്തകർച്ചയുണ്ടായത്. ഇങ്ങനെ ചേർന്നവരിൽ ബഹുഭൂരിപക്ഷവും കോഴ്‌സുകൾ പൂർത്തിയാക്കാനാകാതെ പഠനം ഉപേക്ഷിച്ച് പോവുകയായിരുന്നു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതായിരുന്നു സ്ഥിതി. അവിടങ്ങളിൽ ഡസൻ കണക്കിന് എൻജിനീയറിംഗ് കോളേജുകളാണ് കഴിഞ്ഞ പത്തുവർഷത്തിനിടെ അടച്ചുപൂട്ടേണ്ടി വന്നത്.
അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ ഏറ്റവും പുതിയ ബി.ടെക് ഫലങ്ങൾ നോക്കിയാലറിയാം പഠന നിലവാരത്തിലെ ഉയർച്ചയും താഴ്‌ചയും. 24 ബ്രാഞ്ചുകളിലായി 25808 കുട്ടികൾ പരീക്ഷ എഴുതിയതിൽ 51.86 ശതമാനം പേരാണ് വിജയിച്ചത്. ഒരു തരത്തിലും അഭിമാനാർഹമായ വിജയമായി ഇതിനെ കാണാനാവില്ല. എടുത്തുപറയേണ്ട മറ്റൊരു കാര്യം സർക്കാർ എൻജിനീയറിംഗ് കോളേജുകളും എയ്‌ഡഡ് കോളേജുകളുമാണ് വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതെന്നാണ്. സർക്കാർ എൻജിനീയറിംഗ് കോളേജുകൾ 65.18 ശതമാനം വിജയം നേടിയപ്പോൾ എയ്‌ഡഡ് കോളേജുകൾ ഒരുപടി കൂടി കടന്ന് 69.34 ശതമാനം വിജയം ഉറപ്പിച്ചു. സ്വാശ്രയ കോളേജുകളിലാകട്ടെ 44.40 ശതമാനം മാത്രമാണ് വിജയം.
സംസ്ഥാനത്ത് നാല്പത്തയ്യായിരം എൻജിനീയറിംഗ് സീറ്റുകളുള്ളതിൽ പകുതിയും ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണ് കഴിഞ്ഞ വർഷങ്ങളിലുണ്ടായത്. ഇപ്പോൾ വീണ്ടും കുട്ടികൾ കൂടിവരുന്നുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ടായില്ല. മികച്ച ഫലം കൂടി സൃഷ്ടിക്കാൻ കഴിയണം. നല്ല സ്കോറോടെ പുറത്തുവരുന്നവരെ തേടി ധാരാളം കമ്പനികൾ കാത്തുനിൽപ്പുണ്ട്. കോളേജ് വിടും മുമ്പ് ജോലി ഉറപ്പാക്കിയാകും അവർ മടങ്ങുന്നത്.
സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളുടെ പഠന നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഉൗർജ്ജം പകരാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു വരേണ്ടതുണ്ട്. എ.ഐ.സി.ടി.ഇ.യുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വാശ്രയ കോളേജുകൾ ഇപ്പോഴും ഇവിടെയുണ്ട്. അദ്ധ്യാപകർക്ക് നിയമപ്രകാരമുള്ള ശമ്പളം നൽകാൻ മടിക്കുന്നവരും കൂട്ടത്തിലുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ കോളേജുകളുടെ നിലവാരത്തെ ബാധിക്കുന്ന ഘടകങ്ങളാണിതൊക്കെ.
സീറ്റുകൾ നിറയ്ക്കാൻവേണ്ടി പ്രവേശന യോഗ്യതയിൽ ഇളവുകൾ നൽകുന്നത് നിലവാരത്തകർച്ചയ്ക്കുള്ള മറ്റൊരു കാരണമാണ്. മാനേജ്‌മെന്റുകളുടെ സമ്മർദ്ദത്തിനു വഴങ്ങി കഴിഞ്ഞ ഏതാനും വർഷങ്ങളായി അത്തരത്തിലുള്ള വളഞ്ഞ വഴി സ്വീകരിച്ചിരുന്നു. സ്വാശ്രയ കോളേജുകളുടെ വിജയ ശതമാനത്തിൽ ഇതിന്റെയൊക്കെ പ്രതിഫലനം കാണാം.