medical-college

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാനും സമീപത്തെ ആശുപത്രികളിൽ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുമുള്ള റഫറൽ, ബാക്ക് റഫറൽ സംവിധാനം ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനായി നിലവിലെ റഫറൽ, ബാക്ക് റഫറൽ മാനദണ്ഡങ്ങൾ പുതുക്കി സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും.

ദ്വിതീയതല ആശുപത്രികൾ മെച്ചപ്പെടുത്തും. ഡോക്ടർമാർക്ക് വിദഗ്ദ്ധ പരിശീലനം നൽകും.

രോഗികൾക്ക് സമയബന്ധിതമായി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.

ചികിത്സയിലിരിക്കുന്ന രോഗിയെ ദൂരെയുള്ള മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തൊട്ടടുത്ത സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് റഫർ ചേയ്യേണ്ടത്. അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യരുത്.

ആശുപത്രി രജിസ്റ്ററിൽ രോഗിക്ക് നൽകിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫർ ചെയ്തതെന്നും വ്യക്തമാക്കണം. ആശുപത്രി സൂപ്രണ്ട് റഫറൽ രജിസ്റ്റർ പരിശോധിച്ച് ജില്ലാമെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകണം. അനാവശ്യ റഫറൻസുകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം, തുടർചികിത്സയ്ക്കായി രോഗിയുടെ വീടിന് സമീപത്തെ ആശുപത്രികളിൽ ബാക്ക് റഫർ ചെയ്യും. ഇതിലൂടെ രോഗികൾക്ക് സമീപത്ത് തുടർ പരിചരണം ലഭ്യമാകും. -

ആരോഗ്യ ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ ഡോ. പി.പി. പ്രീത, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, എസ്.എച്ച്.എസ്.ആർ.സി എക്സി. ഡയറക്ടർ ഡോ. ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.