
തിരുവനന്തപുരം: മഴ വ്യാപകമായി നാശനഷ്ടങ്ങൾ വിതയ്ക്കുന്ന സാഹചര്യത്തിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ വീതം റവന്യു വകുപ്പ് മുൻകൂർ അനുവദിച്ചു.ചെലവഴിക്കുന്ന തുകയുടെ വിശദാംശങ്ങൾ പിന്നീട് നൽകിയാൽ മതിയാവും.
ജില്ലകളിലെ ദുരന്തത്തിന്റെ ഗൗരവമനുസരിച്ച് ദുരന്തനിവാരണ ഫണ്ടിൽ നിന്നും ആവശ്യാനുസരണം തുക ചെലവഴിക്കാൻ ജില്ലാ കളക്ടർമാർക്ക് റവന്യുമന്ത്രി കെ.രാജൻ നിർദ്ദേശം നൽകി.ആവശ്യമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.