flag-post

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിലുൾപ്പെടെ ദേശീയപതാക ഉയർത്താൻ ആഹ്വാനം നൽകിയിരിക്കെ കനകക്കുന്ന് കൊട്ടാരവളപ്പിലുണ്ടായിരുന്ന കേരളത്തിലെ ഏറ്റവുംവലിയ ത്രിവർണപതാക അഴിച്ചുമാറ്റി.

സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിനും ഓണം വാരാഘോഷത്തിനും മുന്നോടിയായി നവീകരണത്തിനായാണ് പതാക അഴിച്ചതെന്നാണ് കനകക്കുന്ന് കൊട്ടാരത്തിന്റെ ഭരണച്ചുമതലയുള്ള ടൂറിസം വകുപ്പിന്റെ വിശദീകരണം. ഇന്ത്യയിലെ ചരിത്രസ്‌മാരകങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ച് ‌സ്‌മാരക പതാകകൾ സ്ഥാപിക്കുന്ന ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് പതാക സ്ഥാപിച്ചത്. 207 അടിയിലധികം ഉയരമുള്ള സ്റ്റെയിൻലസ് സ്റ്രീൽ കൊടിമരത്തിൽ 22 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള പതാക നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. ശശിതരൂർ എം.പിയുടെ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് സ്ഥാപിച്ച പതാക 2013 ജനുവരി 26ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് നാടിന് സമർപ്പിച്ചത്. സൂര്യാസ്‌തമയത്തിന് പോലും താഴ്ത്തേണ്ടതില്ലെന്ന പ്രത്യേക അനുമതിയുള്ളതാണ് സ്മാരക പതാക.

മുംബയിൽ നിന്നുള്ള ഡെനീർ പോളിസ്റ്ററെന്ന സവിശേഷമായ തുണികൊണ്ട് നിർമ്മിച്ച പതാകയിൽ പ്രത്യേക തരത്തിലാണ് അശോക ചക്രം പ്രിന്റ് ചെയ്യുന്നത്. വെയിലും മഴയുമേറ്റുണ്ടായ പൊടിയും കാറ്റടിച്ചുണ്ടായ കീറലും പരിഹരിക്കുന്നതിനായി ടൂറിസം വകുപ്പ് ഫ്ളാഗ് ഫൗണ്ടേഷനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തകരാറ് പരിഹരിക്കാൻ അവർ തയ്യാറായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഴിച്ചിറക്കിയ പതാക കൊറിയർ സർവീസ് വഴി മുംബയിലെ ഫ്ളാഗ് ഫൗണ്ടേഷൻ ഓഫീസിന് കൈമാറിയിട്ടുണ്ട്. തകരാറുകൾ പരിഹരിച്ചോ, അല്ലാത്തപക്ഷം പുതിയ പതാകയോ ഏതാനും ദിവസങ്ങൾക്കകം കനക്കുന്നിലെത്തിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചതായി ടൂറിസം വകുപ്പ് സൂപ്രണ്ട് വ്യക്തമാക്കി.