തിരുവനന്തപുരം: കോഴ കിട്ടാത്ത പകയിൽ 86കാരന്റെ ഭൂമി ഉദ്യോഗസ്ഥർ `ഇല്ലാതാക്കി'യത് റവന്യൂ വിജിലൻസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ വകുപ്പ് മന്ത്രി കെ.രാജൻ ഉത്തരവിട്ടു. .
'കേരളകൗമുദി' റിപ്പോർട്ട് സഹിതം ലഭിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ്, വിജിലൻസ് അന്വേഷണത്തിന് കൈമാറി. വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് എസ്.പി ഇ.എസ് ബിജുമോൻ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം തുടങ്ങി. കേരളകൗമുദി ഞായറാഴ്ച പ്രസിദ്ധീകരിച്ച ''അൽഷിമേഴ്സ് രോഗിയോടും ദയകാട്ടില്ല, കോഴ കിട്ടാത്ത പകയിൽ 86കാരന്റെ ഭൂമി ഉദ്യോഗസ്ഥർ ഇല്ലാതാക്കി '' എന്ന റിപ്പോർട്ടിലാണ് നടപടി.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ വണ്ടന്നൂർ നവനീതത്തിൽ അപ്പുക്കുട്ടൻ സ്വന്തം പേരിലുള്ള ഭൂമി പോക്കുവരവ് ചെയ്തുകിട്ടാൻ വർഷങ്ങളോളം വില്ലേജ്, താലൂക്ക് ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും കോഴ നൽകാത്തതിന്റെ പകയിൽ ഉദ്യോഗസ്ഥർ ഈ ഭൂമി മറ്റു ചിലർക്ക് പോക്കുവരവ് ചെയ്ത് കൊടുക്കുകയായിരുന്നു. ഭൂമി തിരികെ കിട്ടില്ലെന്ന സ്ഥിതിയായതോടെ, അപ്പുക്കുട്ടൻ കിടപ്പിലായി, പിന്നാലെ മറവി രോഗത്തിന്റെ പിടിയിലമർന്നു.
പോക്കുവരവിന് ഉദ്യോഗസ്ഥർ തടസം സൃഷ്ടിച്ചത് അന്വേഷിക്കാനാണ് റവന്യൂമന്ത്രിയുടെ ഉത്തരവ്.
ഭൂമിയിൽ അവകാശത്തർക്കമുണ്ടെങ്കിലും ട്രാൻസ്‌ഫർ ഒഫ് റവന്യൂ റൂൾസിലെ 16-ാം ചട്ടപ്രകാരം പോക്കുവരവ് ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല. ഉദ്യോഗസ്ഥരുടെ ഏജന്റുമാർ അപ്പുക്കുട്ടനോട് കോഴ ആവശ്യപ്പെട്ടതും വിജിലൻസ് എസ്.പി അന്വേഷിക്കും.