
നെയ്യാറ്റിൻകര: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നെയ്യാറ്റിൻകരയിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം നെയ്യാർഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ജലനിരപ്പ് ഉയർന്നതോടെയാണ് കൃഷിയിടങ്ങളിലും താഴ്ന്ന പ്രേദശങ്ങളിലും വെള്ളം കയറിയത്. നഗരസഭാ പരിധിയിലെ കണ്ണംകുഴി, മൂഴിമൺതോട്ടം രാമേശ്വരം, ഇരുമ്പിൽ, ചായ്ക്കോട്ടുകോണം, മരുതത്തൂർ, പനയറത്തല ഏലാകളിൽ കൃഷികളെല്ലാം വെള്ളത്തിനടിയിലാണ്. വാഴ, പച്ചക്കറി കൃഷിയിടങ്ങളിലാണ് കൂടുതലായും വെള്ളം കയറിയത്.
ഓണവിപണി ലക്ഷ്യമിട്ടുള്ള കൃഷിയെല്ലാം വെള്ളത്തിനടിയിലായതോടെ കടുത്ത ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ വർഷങ്ങളിൽ കൃഷി നാശം ഉണ്ടായതിന്റെ നഷ്ടപരിഹാരം പോലും ഇതുവരെയും കിട്ടിയിട്ടില്ലായെന്ന് ഒരു വിഭാഗം കർഷകർ ആരോപിക്കുന്നു. നെയ്യാറിന്റെ പല ഭാഗങ്ങളിലും കരയ്ക്കൊപ്പമാണ് ജലനിരപ്പ്. കനാലുകളും തോടുകളും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മാമ്പഴക്കര, തൊഴുക്കൽ, ചെമ്പരത്തിവിള, പെരുമ്പഴുതൂർ, ഓലത്താന്നി, അരുവിപ്പുറം മുതൽ പൂവാർ വരെയുള്ള നെയ്യാറിനോട് ചേർന്നുള്ള പ്രദേശങ്ങൾ മുഴുവൻ വെള്ളപ്പൊക്ക ഭീഷണിയിലാണ്. അടിക്കടിയുണ്ടാകുന്ന കൃഷിനാശം കണക്കിലെടുത്ത് അടിയന്തര സഹായം അനുവദിക്കണമെന്ന് കർഷകസമിതികൾ അധികൃതരോട് ആവശ്യപ്പെട്ടു.