
തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ നഷ്ടക്കയത്തിലാക്കുന്ന വിവാദ ദീർഘകാല വൈദ്യുതി കരാറുകളിലെ ക്രമക്കേടുകൾ സുപ്രീം കോടതിയുടെ അനുമതിയോടെ അന്വേഷിക്കാൻ സി.ബി.ഐ തയ്യാറെടുക്കുന്നു. സി.ബി.ഐയുടെ കൊച്ചിയിലെ ഇന്റലിജൻസ് വിഭാഗം വൈദ്യുതി ബോർഡുമായി ബന്ധമുള്ള ഉന്നതരിൽ നിന്ന് വിവരം ശേഖരിച്ചു തുടങ്ങി.
സാധാരണഗതിയിൽ സർക്കാർ അനുമതിയില്ലാതെ അന്വേഷണം ഏറ്റെടുക്കാനാവില്ല. എന്നാൽ, ദീർഘകാല വൈദ്യുതികരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുണ്ട്. പുതിയ അഴിമതിയാരോപണങ്ങളുടെ വെളിച്ചത്തിൽ കോടതി ഇടപെടലിലൂടെ അന്വേഷണം ഏറ്റെടുക്കാനാനാണ് നീക്കം.
സംസ്ഥാന സർക്കാരിനെയും വൈദ്യുതി റെഗുലേറ്ററി കമ്മിഷനെയും സ്വാധീനിച്ച് കരാറുകൾ നിലനിറുത്താൻ മുൻ ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ളവർ നടത്തിയ നീക്കം പുറത്തുവന്ന സാഹചര്യത്തിലാണ് സി.ബി.ഐ രംഗത്തെത്തിയത്. ഇന്റലിജൻസ് വിഭാഗം തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.
കരാറിന് അനുമതി നിഷേധിച്ച റെഗുലേറ്ററി കമ്മിഷനെ സ്വാധീനിക്കാൻ കരാറുകാർ ശ്രമിച്ചതായി കെ.എസ്.ഇ.ബി മുൻ ചെയർമാൻ ഡോ.ബി.അശോക് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.
രണ്ടു കമ്പനികളുടെ പ്രതിനിധികൾ വന്നുകണ്ടിരുന്നുവെന്നും കുറഞ്ഞ നിരക്കിൽ വാങ്ങാനേ താത്പര്യമുള്ളൂ എന്ന് അറിയിച്ചപ്പോൾ അവർ മടങ്ങിയെന്നും റെഗുലേറ്ററി കമ്മിഷനിലെ ചിലർക്ക് പ്രതിഫലം വിദേശത്തുവച്ച് കൈമാറാമെന്ന് സൂചിപ്പിച്ചതായി പിന്നീടറിഞ്ഞെന്നും അശോക് വെളിപ്പെടുത്തിയിരുന്നു. കരാർ നടപ്പിലാക്കാൻ മുൻ ചീഫ് സെക്രട്ടറിയും മുൻ കെ.എസ്.ഇ.ബി ചെയർമാനുമായ പോൾ ആന്റണി സർക്കാരിന് കത്തെഴുതിയതും വിവാദമായിരുന്നു.
രാഷ്ട്രീയ പ്രാധാന്യം
സംസ്ഥാനത്തെ ഏറ്റവുംവലിയ വാണിജ്യ ഇടപാടുകളിലൊന്നാണ് 9,000കോടി രൂപയുടെ പ്രതിവർഷ ഇടപാടുള്ള ദീർഘകാലകരാറുകൾ. അതിൽ നാല് കരാറുകളാണ് വിവാദത്തിലായത്. ഇതിനു പിന്നിൽ കോൺഗ്രസ് നേതൃത്വവുമായി ബന്ധമുള്ള പ്രമുഖ വ്യവസായഗ്രൂപ്പായ ജിൻഡാലാണെന്നത് രാഷ്ട്രീയപ്രാധാന്യം കൂട്ടുന്നു. യു.ഡി.എഫ് ഭരണകാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് കരാർ ഒപ്പുവച്ചത്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കറായിരുന്നു അന്ന് കെ.എസ്.ഇ.ബി ചെയർമാൻ. പിന്നീട് പോൾ ആന്റണി ചെയർമാൻ ആയപ്പോഴും കരാർ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ തുടർന്നു. കരാറിന് ഒത്താശചെയ്ത ഡെപ്യൂട്ടിചീഫ് എൻജിനിയർക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് കമേഴ്സ്യൽ വിഭാഗത്തിന്റെ പൂർണചുമതല നൽകിയതും എൻ.എസ്. പിള്ള കെ.എസ്.ഇ.ബി ചെയർമാനായപ്പോൾ ഫിനാൻസ് വിഭാഗം ഡയറക്ടറുടെ തസ്തിക ഒഴിച്ചിട്ടതും കരാറിന് ഒത്താശ ചെയ്യാനാണെന്ന് ആരോപണമുയർന്നിരുന്നു.