തിരുവനന്തപുരം:വാട്ടർ അതോറിട്ടി ശമ്പള പരിഷ്‌കാരം ചീഫ് സെക്രട്ടറിയുടെ എതിർപ്പ് മൂലം നീട്ടിവച്ചു. ശുപാർശ ഇന്നലെ മന്ത്രിസഭ പരിഗണിക്കാനിരുന്നതാണ്. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം മുൻ വർഷത്തെ ഓഡിറ്റ് വിവരങ്ങൾ സമർപ്പിക്കാൻ ജലവിഭവ ജോയിന്റ് സെക്രട്ടറി എം.ഡിയോട് ആവശ്യപ്പെടുകയായിരുന്നു.
ശമ്പള പരിഷ്‌കാര കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച 2019ലേതും മുമ്പും ശേഷവുമുള്ള ഓഡിറ്റ് പൂർത്തിയാക്കിയോ എന്നതടക്കം അറിയിക്കണം. ഇവ ലഭിച്ച ശേഷം ലാഭ- നഷ്ട കണക്കും പരിശോധിച്ചേ തുടർനടപടികളുണ്ടാവൂ. ഇതിന് സമയപരിധിയും നിശ്ചയിച്ചിട്ടില്ല.
അതേസമയം, ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട കണക്കുകൾ നേരത്തേ സമർപ്പിച്ചതാണെന്ന് അതോറിട്ടിയിലെ ഉന്നതർ പറയുന്നു. 2021-22ലെ റിപ്പോർട്ട് ഓഡിറ്റർ ജനറലിന്റെ പക്കലുണ്ട്. ഇത് മറച്ചുവച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടത്. വെള്ളം ശുദ്ധീകരിക്കാൻ അതോറിട്ടിയുടെ ചെലവും സൗജന്യമായി വിതരണം ചെയ്യുന്നതും മറച്ചുവച്ചാണ് നഷ്ടക്കണക്കിന്റെ പേരിൽ ശമ്പള പരിഷ്‌കാരം വൈകിക്കുന്നതെന്ന് യൂണിയനുകൾ പറയുന്നു. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കേണ്ടെന്ന നിലപാടാണ് ചീഫ് സെക്രട്ടറിക്കും ധനവകുപ്പിനും. വരുമാനം ഉണ്ടാക്കി സ്വന്തം കാലിൽ നിൽക്കാത്ത സ്ഥാപനങ്ങളിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടെന്നാണ് ധനവകുപ്പ് പറയുന്നത്. എം.ഡി വരെയുള്ള 104 തസ്തികളിലായി 7500 ജീവനക്കാരുടെ ശമ്പളമാണ് പരിഷ്‌കരിക്കേണ്ടത്.
പെൻഷൻകാരെ തഴഞ്ഞു
ശമ്പളത്തിനൊപ്പം പെൻഷനും പരിഷ്‌കരിക്കാൻ മോഹൻദാസ് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. പെൻഷൻ പരിഷ്‌കരണം ഉടൻ വേണ്ടെന്നാണ് സർക്കാർ നിലപാട്. ശമ്പളം പരിഷ്കരിക്കുമ്പോൾ 10 കോടിയുടെ അധികബാദ്ധ്യതയുണ്ടാവും.