ആറ്റിങ്ങൽ: ആറ്റിങ്ങൽ ജനവാസ പ്രദേശത്ത് കൃഷി നശിപ്പിക്കാനെത്തിയ ആക്രമണകാരികളായ പന്നിക്കൂട്ടത്തെ വെടിവച്ചു കൊന്നു. നഗരസഭ പത്താം വാർഡ് വേലാംകോണത്ത് പത്മനാഭത്തിൽ വിനേഷിന്റെ വീട്ടുവളപ്പിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് കാട്ടുപന്നികളെത്തിയത്.വീട്ടുകാർ ഉടൻതന്നെ ചെയർപേഴ്സണെയും പൊലീസിനെയും വിവരമറിയിച്ചു.ചെയർപേഴ്സൺ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ അറിയിച്ചതിനെതുടർന്ന് മണിക്കൂറുകൾക്കകം സ്പെഷ്യൽ സ്ക്വാഡിൽ പരിശീലനം ലഭിച്ച ഷാർപ്പ് ഷൂട്ടറായ അനിൽ സ്ഥലത്തെത്തി പന്നിക്കൂട്ടത്തിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു.ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പൊന്തക്കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന പന്നിക്കൂട്ടത്തെ കണ്ടെത്തി.പന്നികൾ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഫോറസ്റ്റ് ഓഫീസർ വെടിവച്ച് നാല് പന്നികളെയും കൊന്നത്.പുരയിടത്തിന് ചുറ്റുമതിലുള്ളതിനാൽ വീട്ടുവളപ്പ് കടന്ന് പോകാൻ ഇവയ്ക്ക് സാധിച്ചില്ല.പുരയിടത്തിൽ കടന്ന പന്നികൾ ചുരുങ്ങിയ സമയത്തിനകം വാഴയു മരച്ചീനിയും നശിപ്പിച്ചിരുന്നു.നഗരസഭ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി മഹസർ തയ്യാറാക്കി പന്നികളെ മറവ് ചെയ്തു.