mullaperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാർ,ഇടുക്കി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറയുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ.അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മുല്ലപ്പെരിയാറിൽ ഈ മാസം 10 വരെ 137.5 അടിയാണ് റൂൾ കർവ്.നിലവിൽ 134.85 അടിയാണ് ജലനിരപ്പ്.കഴിഞ്ഞ വർഷം ഇതേസമയം 136.3 അടിയായിരുന്നു.അതുകൊണ്ടുതന്നെ തുറന്നു വിടേണ്ട സാഹചര്യമില്ല.ഇന്നലെ വൈകിട്ട് വരെ 2406 ക്യുസെക്സ് ജലമാണ് അണക്കെട്ടിലേക്കുള്ള ഇൻഫ്‌ളോ.1867 ക്യുസെക്സ് ജലം തമിഴ്നാട് കൊണ്ടുപോകുന്നുമുണ്ട്.അതുകൊണ്ടുതന്നെ കാര്യമായ ജലം സംഭരിക്കപ്പെടുന്നില്ല.

ഇന്നലെ 2375.53 അടി വെള്ളമാണ് ഇടുക്കിയിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലടിയോളം ജലം ഇക്കുറി കൂടുതലായുണ്ട്.1012.565 ദശലക്ഷ ഘന മീറ്റർ ജലം ആണുള്ളത്.സംഭരണശേഷിയുടെ 69 ശതമാനം മാത്രമാണ് ഇത്.അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.ഈ മാസം 10 വരെ 2383 അടിയാണ് റൂൾ കർവ്.നദികളിൽ നിന്ന് മണ്ണും ചെളിയും എക്കലും നീക്കിയത് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് സഹായകമായി.മൂന്നു കോടി ക്യുബിക് മീറ്റർ എക്കലും ചെളിയുമുണ്ടായിരുന്നതിൽ ഒരു കോടി ക്യുബിക് മീറ്റർ നീക്കം ചെയ്തു.എല്ലാ വർഷവും ഫെബ്രുവരിയിൽ ഇതു തുടരും.അതുവഴി വരും വർഷങ്ങളിൽ വെള്ളപ്പൊക്കം ഗണ്യമായി നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.