മരണം 16
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുടെ ശക്തികുറഞ്ഞെങ്കിലും കാലവർഷക്കെടുതിയിൽ ഇന്നലെ നാലുപേരുടെ ജീവൻ കൂടി പൊലിഞ്ഞു. നാലു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 16 ആയി. ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു. ഇന്ന് ഓറഞ്ച്, യെല്ലോ അലർട്ടുകൾ മാത്രം.
കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മണർകാട് കാവുംപടി മേത്താപ്പറമ്പിലെ വെള്ളക്കെട്ടിൽ കുളിക്കുന്നതിനിടെ പ്ളസ് ടു വിദ്യാർത്ഥി അമൽ (16), വൈക്കം തലയാഴത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ ഇണ്ടംതുരുത്ത് ലക്ഷംവീട് കോളനിയിൽ ദാസൻ (75) എന്നിവരാണ് മരിച്ചത്. തൃശൂർ പുതുക്കാട് ഉഴിഞ്ഞാൽപാടത്തെ വെള്ളക്കെട്ടിൽ മീൻപിടിക്കാനിറങ്ങിയ കണ്ണമ്പത്തൂർ പുത്തൻപുരയ്ക്കൽ ബാബു (53) മുങ്ങിമരിച്ചു.
കൊല്ലത്ത് ഇത്തിക്കരയാറ്റിൽ കുണ്ടുമൺ ഭാഗത്ത് കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയ കിളികൊല്ലൂർ സ്വദേശി നൗഫലിന്റെ (21) മൃതദേഹം കണ്ടെത്തി. കാസർകോട്ട് ബളാൽ മാലോം ചുള്ളിയിൽ ഉരുൾ പൊട്ടിയതിന് പിന്നാലെ തോട്ടിലുണ്ടായ കുത്തൊഴുക്കിൽപെട്ട് കൂരാംകുണ്ടിലെ റിട്ട. അദ്ധ്യാപിക ലതയെ (58) കാണാതായി.
തൃശൂർ ചേറ്റുവ അഴിമുഖത്ത് കഴിഞ്ഞ ദിവസം വള്ളംമറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് കടലിൽ മൃതദേഹങ്ങൾ കണ്ടെന്ന വിവരത്തെത്തുടർന്ന് കോസ്റ്റ് ഗാർഡ് എത്തിയെങ്കിലും കണ്ടെത്താനായില്ല.
178 ദുരിതാശ്വാസ ക്യാമ്പുകൾ
5220 പേരെ മാറ്റിപ്പാർപ്പിച്ചു
ഡാമുകളിൽ
റെഡ് അലർട്ട്
ലോവർ പെരിയാർ, കല്ലാർകുട്ടി, പൊന്മുടി,ഇരട്ടയാർ,കുണ്ടള,മൂഴിയാർ
3 ജില്ലകളിൽ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് അവധി
ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എം.ജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.