1

തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വിഴിഞ്ഞം ആവാടുതുറ പന്തപ്ലാവിള വീട്ടിൽ ഷിബുവിനെയാണ് (39) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് എത്തിച്ച് ഇടനിലക്കാർ മുഖേന ഇയാൾ ചില്ലറ വില്പന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും മറ്റ് സമീപ പ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണികളിൽ ഒരാളാണ് പിടിയിലായ ഷിബു. തമിഴ്നാട്ടിൽ നിന്നും ആന്ധാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ എത്തിച്ച് ചെറിയ കവറുകളിലാക്കി ചില്ലറ വില്പനക്കാർക്ക് എത്തിക്കും. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്.

ഇവിടെ ലഹരി മരുന്ന് വില്പന തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രശാന്ത്.സി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്.ബി, പ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിമിൽ മിത്ര.വി, രതീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.