
തിരുവനന്തപുരം: വിവിധ ജയിലുകളിലുള്ള 33 തടവുകാരെക്കൂടി മോചിപ്പിക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ശിക്ഷാ ഇളവിന് അർഹരെന്ന് കണ്ടെത്തിയ 33 തടവുകാർക്കായാണ് ശുപാർശ.
വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ അനുഭവിക്കുന്നവരെയും അതിക്രൂര കുറ്റകൃത്യങ്ങൾ നടത്തിയവരേയും പട്ടികയിൽ നിന്നൊഴിവാക്കി. വിട്ടയയ്ക്കേണ്ട 59 പേരുടെ പട്ടിക ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. നേരത്തേ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻ, കുപ്പണ വിഷമദ്യ ദുരന്തക്കേസിലെ പ്രതി കുപ്പണ തമ്പി എന്നിവരടക്കമുള്ള 33 തടവുകാരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പുറമേയാണ് പുതിയ പട്ടിക.
കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിന്ന് ഒരു ആംഡ് പൊലീസ് ഇൻസ്‌പെക്ടർ തസ്തിക പൊലീസ് ആസ്ഥാനത്തെ എക്സ് സെൽ യൂണിറ്റിലേക്ക് മാറ്റാനും തീരുമാനിച്ചു. സിനിമാ ഓപ്പറേറ്റർ തസ്തിക നിറുത്തലാക്കി പൊലീസ് ആസ്ഥാനത്തെ എക്സ് സെൽ യൂണിറ്റിലേക്ക് സിവിൽ പൊലീസ് ഓഫീസർ തസ്തിക സൃഷ്ടിക്കും. സാങ്കേതിക വിഭാഗം തസ്തികകളായ മേസൻ പി.സി (തിരുവനന്തപുരം സിറ്റി), റോണയോ ഓപ്പറേറ്റർ (പൊലീസ് ആസ്ഥാനം), ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ (ടെലികമ്യൂണക്കേഷൻ ആസ്ഥാനം) എന്നിവയും നിറുത്തലാക്കും.