
തിരുവനന്തപുരം: കൊവിഡ് കാലത്ത് നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് ടെക്നോപാർക്ക് ജീവനക്കാർ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. ജീവനക്കാർ ഓഫീസിലേക്ക് വരാൻ തുടങ്ങിയെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ തിരിച്ചെത്തിയില്ലെന്നും, പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയാണ് മന്ത്രിയെ കണ്ടത്. ഓരോ റൂട്ടുകളിലേക്കും പടിപടിയായി ബസുകൾ അനുവദിക്കാമെന്നും ആവശ്യത്തിന് യാത്രക്കാർ ഉണ്ടാകുമെങ്കിൽ സ്ഥിരമായി ബസ് ഓടിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, രാജീവ് കൃഷ്ണൻ, അജിൻ തോമസ്, സിനു ജമാൽ എന്നിവരാണ് നിവേദനവുമായി മന്ത്രിയെ കണ്ടത്.