തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ ഇന്നലെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല.ഞായറാഴ്ച തുടങ്ങിയ മഴയുടെ തീവ്രത ഇന്നലെ രാവിലെ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. നിലവിലെ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യത ഇല്ലെങ്കിലും വാമനപുരം,കരമനയാർ,നെയ്യാർ എന്നിവയിലെ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. മലയോരമേഖലയിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തികുറഞ്ഞ മഴപെയ്തെങ്കിലും നാശനഷ്ടം വലിയതോതിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 10 വീടുകൾ ഇന്നലെ തകർന്നു.തിരുവനന്തപുരം പരുത്തിപ്പാറ പാറോട്ടുകോണത്ത് മതിലിടിഞ്ഞു വീണ് വീടിന്റെ ഭാഗം തകർന്നു.സ്പോർട്സ് കൗൺസിൽ പരിശീലകൻ മാത്യുവിന്റെ വീട്ടിലാണ് അപകടം. അയൽവാസി നിർമിച്ച മതിലാണ് ഇടിഞ്ഞുവീണത്. മുടവൻമുഗൾ വാർഡിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ മതിൽ ഇടിഞ്ഞു വീണു. ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസമായി 22 വീടുകളാണ് ഭാഗികമായി തകർന്നത്. നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 42 പേരെ പാർപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്
ജില്ലയിൽ ഇന്ന് 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
ഡാമുകളുടെ ഷട്ടർ അടച്ചില്ല
നീരൊഴുക്ക് ഉള്ളതിനാൽ നെയ്യാർ,അരുവിക്കര,പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ അടച്ചില്ല. 83.46 അടിയാണ് നെയ്യാർഡാമിലെ ജലനിരപ്പ്.എല്ലാ ഡാമുകളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഡാമുകളിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഷട്ടറുകൾ അടയ്ക്കും.