kerala-secretariat

ഭാരവാഹികളെ പ്രഖ്യാപിച്ച ഐ വിഭാഗം ഓഫീസ് കൈയേറി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയിലെ എ - ഐ ഗ്രൂപ്പ് പോരിന് പൊട്ടിത്തെറിയുടെ മാനം നൽകി,​ ഐ വിഭാഗം ഇന്നലെ പ്രത്യേക യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കുകയും സംഘടനാ ഓഫീസ് പൂട്ട് തകർത്ത് കൈയേറുകയും ചെയ്‌തു. ഇതോടെ സെക്രട്ടേറിയറ്റ് അസോസിയേഷൻ പിളർപ്പിലേക്ക് നീങ്ങുന്ന പ്രതീതിയായി.

സംഘടനാ സമ്മേളനം കഴിഞ്ഞ് ഒരു മാസമായിട്ടും ഗ്രൂപ്പ് പോര് കാരണം ഭാരവാഹി തിരഞ്ഞെടുപ്പ് നീളുന്നതിനിടെയാണ് ഐ വിഭാഗം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ യോഗം ചേർന്നത്. ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസറെ നിശ്ചയിച്ച് ഇലക്‌ഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചതായി പ്രസിഡന്റ് സ്ഥാനം കൈയാളുന്ന എ വിഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐ വിഭാഗത്തിന്റെ യോഗം.

എ വിഭാഗത്തിലെ എം.എസ്. ജ്യോതിഷ് കുമാർ ആണ് നിലവിലെ പ്രസിഡന്റ്. പ്രസിഡന്റിനാണ് പൂർണ അധികാരമെന്നിരിക്കെ,തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിശ്ചയിക്കേണ്ടത് താനാണെന്നാണ് ജ്യോതിഷിന്റെ വാദം. എന്നാൽ സംഘടനാ രീതിയനുസരിച്ച് ജനറൽസെക്രട്ടറിക്കാണ് പൂർണാധികാരമെന്ന് ഐ വിഭാഗം പറയുന്നു. ഐ വിഭാഗത്തിലെ കെ. ബിനോദ് ആണ് നിലവിലെ ജനറൽസെക്രട്ടറി. പ്രവർത്തകരുടെ പിന്തുണ കൂടുതൽ തങ്ങൾക്കാണെന്നും ഐ വിഭാഗം പറയുന്നു.

ഈ മാസം 11ന് ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും റിട്ടേണിംഗ് ഓഫീസറായി പി.സി. സാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നിശ്ചയിച്ചെന്നും എ വിഭാഗം അറിയിച്ചിട്ടുണ്ട്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ആറിനാണ് സൂക്ഷ്‌മ പരിശോധന. 9 വരെ പത്രിക പിൻവലിക്കാം.

സംഘടനാചട്ടങ്ങൾ കാറ്റിൽ പറത്തിയും ബൈലോ ധിക്കരിച്ചും ഏകപക്ഷീയ നീക്കമാണ് ഐ വിഭാഗം നടത്തിയതെന്ന് എ വിഭാഗം കുറ്റപ്പെടുത്തുന്നു. എന്നാൽ റിട്ടേണിംഗ് ഓഫീസറായി ആനാട് രാമചന്ദ്രൻ നായരെ നേരത്തേ തിരഞ്ഞെടുത്തതാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത 23 പേരിൽ 12 പേരും പിന്തുണച്ചത് രാമചന്ദ്രൻ നായരെയാണെന്നും ഐ വിഭാഗം പറയുന്നു.

ഇർഷാദ് പ്രസിഡന്റ്, ബിനോദ് ജനറൽ സെക്രട്ടറി

ഇന്നലത്തെ യോഗത്തിൽ ഐ വിഭാഗം എം.എസ്. ഇർഷാദിനെ പുതിയ പ്രസിഡന്റായും കെ. ബിനോദിനെ ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചു. കെ.എം. അനിൽകുമാർ (ട്രഷറർ), ഡി. അനിൽകുമാർ, എ. സുധീർ (വൈസ് പ്രസിഡന്റുമാർ), ലതീഷ് എസ്. ധരൻ, ജി.ആർ. ഗോവിന്ദ്, എം. റീജ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പത്തംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ ആനാട് രാമചന്ദ്രൻ നായർ അറിയിച്ചു.