പോത്തൻകോട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കൂറ്റൻ മതിൽ ഇടിഞ്ഞു വീണതോടെ അപകടാവസ്ഥയിലായ വീടുകളിൽ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഞാണ്ടൂർക്കോണം മാധവത്തിൽ സോണിയുടെയും, കൃഷ്ണകൃപയിൽ നിതീഷിന്റെയും വീടുകളുടെ പിറകിലെ ഇരുപതടിയോളം ഉയരമുള്ള മതിലാണ് തകർന്നത്.
മതിലിനോട് ചേർന്നുള്ള ഉയരത്തിലുള്ള കുന്നും ഏത് സമയത്തും വീടുകൾക്ക് മീതെ പതിക്കുമെന്ന ആശങ്കയും ഉയർന്നതോടെയാണ് കുടുംബങ്ങളെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടി വലിയ ശബ്ദത്തോടെയാണ് ഇരു വീടുകളുടെയും പിറകിലത്തെ മതിൽ തകർന്നുവീണത്. ഏഴ് വർഷം മുൻപാണ് ഇവർ ഇവിടെ വീട് വാങ്ങി താമസമാകുന്നത്. വീടിന്റെ പിറകിൽ ഇരുപതടി ഉയരത്തിൽ നിർമ്മിച്ചിരുന്ന മതിലാണ് തകർന്നുവീണത്. മഴ കനത്താൽ വീടുകൾ തകരുമെന്ന ആശങ്കയിലാണ് വീട്ടുകാർ. ഇതേത്തുടർന്ന് നാട്ടുകാർ ഇടപെട് ടാർപോളിൻ ഷീറ്റ് കൊണ്ട് കെട്ടി താത്കാലിക സംരക്ഷണം ഒരുക്കിയെങ്കിലും മഴ കനത്താൽ വശങ്ങളിലെ മണ്ണ് ഇടിയുമെന്ന ആശങ്കയിലാണ് വീട്ടുകാർ.