1

പോത്തൻകോട്:പൊതുജനാരോഗ്യ ഗവേഷണ സേവന പദ്ധതിയുടെ ഭാഗമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ 450 ഓളം ലാബ് ടെസ്റ്റുകൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കുന്ന മെഡിക്കൽ ലബോറട്ടറി സർവീസ് സേവനം പോത്തൻകോട് ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ശ്രീകല,ടെക്നിക്കൽ കോ ഒാർഡിനേറ്റർ വിഷ്ണു,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അനിൽകുമാർ,ലൈബ്രേറിയൻ തുളസീധരൻ എന്നിവർ പങ്കെടുത്തു.എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് പരിശോധന.കേന്ദ്രസർക്കാർ നിരക്കിലുള്ള ഫീസാണ് പരിശോധനകൾക്ക് ഈടാക്കുന്നത്.പ്രമേഹ പരിശോധനയ്ക്ക് 15 രൂപയും കൊളസ്‌ട്രോളിന് 40 രൂപയും തൈറോയ്ഡ് പ്രൊഫൈൽ ടെസ്റ്റ് 190 രൂപയും ടി.എസ്.എച്ച് മാത്രമാണെങ്കിൽ 100 രൂപയും സോഡിയം പൊട്ടാസ്യം ടെസ്റ്റ് 50 രൂപ വീതവും ആർ.എഫ്.ടിക്ക് 130 രൂപയും ലിവർ ഫംഗ്ഷൻ ടെസ്റ്റ് 230 രൂപയും എച്ച്.ബി.എ വൺ സിക്കു 240 രൂപയുമാണ് ഫീസ്.എല്ലാ ടെസ്റ്റുകളുമടങ്ങുന്ന എക്സിക്യൂട്ടീവ് ടെസ്റ്റിന് 900 രൂപ നൽകിയാൽ മതിയാകും.ജില്ലയിൽ മാത്രം എല്ലാ താലൂക്കുകളിലുമായി ഹോമിയോ ആയുർവേദ അലോപ്പതി സിദ്ധ വിഭാഗങ്ങളിലെ നൂറോളം സർക്കാർ ആശുപത്രികളിൽ ഈ സേവനം നൽകിവരുന്നതായി ടെക്നിക്കൽ കോ ഒാർഡിനേറ്റർ വിഷ്ണു പറഞ്ഞു.