കോവളം: കല്ലാട്ടുമുക്ക് - കമലേശ്വരം റോഡിൽ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മുൻ പഞ്ചായത്ത് വനിതാ അംഗത്തിനും ഭർത്താവിനും പരിക്ക്. വെങ്ങാനൂർ മുൻ ഗ്രാമ പഞ്ചായത്ത് അംഗം ഗീതാ രവീന്ദ്രനും ഭർത്താവ് രവീന്ദ്രൻ തമ്പിക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രണ്ടടിയോളം താഴ്ചയുള്ള കുഴിയിൽ ഇവർ വന്ന സ്‌കൂട്ടർ വീഴുകയായിരുന്നു. വാഹനം കുഴിയിൽ വീണതോടെ രവീന്ദ്രനും പിറകിലിരുന്ന ഗീതയും റോഡിൽ തെറിച്ചുവീണാണ് പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങളും വെള്ളത്തിൽ വീണു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
റോഡ് അപകടക്കെണി
അമ്പലത്തറ, കല്ലാട്ടുമുക്ക്, മാണിക്യവിളാകം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളിലും വീടുകൾക്കു മുന്നിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഓടകൾ വൃത്തിയാക്കാൻ നഗരസഭ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. തിരക്കേറിയ കല്ലാട്ടുമുക്ക് പള്ളി ജംഗ്ഷനിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.