isac

തിരുവനന്തപുരം:കിഫ്ബിക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചെങ്കിലും ഹാജരാവുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇ.ഡിയുടെ ലക്ഷ്യം എന്തെന്നറിയില്ല. നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്ത് ഇ.ഡിക്ക് മുന്നിൽ ഹാജരാവുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ആർ.ബി.ഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല. വിരട്ടിയാൽ പേടിക്കുമെന്ന ധാരണയാണ് അവർക്കുള്ളത്. ഈ മാസം 11 ന് ഹാജരാവണമെന്നാണ് നോട്ടീസെന്നും അദ്ദേഹം പറഞ്ഞു.

ഇതേ വിഷയത്തിൽ രണ്ടാം തവണയാണ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകുന്നത്. കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിനെ നേരത്തേ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയെന്ന നിലയിൽ കിഫ്ബി ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത് തോമസ് ഐസക്കാണ്.ഇ.ഡിയുടെ ഇടപെടലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ആദ്യം നോട്ടീസ് ലഭിച്ചപ്പോൾ തോമസ് ഐസക് പ്രതികരിച്ചത്. എല്ലാ സർക്കാർ ഏജൻസികളെയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതെന്നും അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.