photo1

നെടുമങ്ങാട്: ഹോർട്ടികോർപ്പിന്റെ നിസഹകരണത്തെ തുടർന്ന് കർഷകർ നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്ത വ്യാപാര വിപണിയിൽ എത്തിച്ച ആയിരം കിലോയോളം പച്ചക്കറി നശിച്ചു.കൃത്യ സമയത്ത് ഹോർട്ടികോർപ്പ് ഏറ്റെടുക്കാത്തതും ബാക്കിയുള്ളത് കൂൾ ചേംബറിൽ സൂക്ഷിക്കാത്തതുമാണ് പച്ചക്കറി നശിക്കാനിടയാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ച വിപണിയിലെത്തിച്ച പച്ചക്കറികളാണ് അഴുകി നശിച്ചത്.തിങ്കളാഴ്ച കൊണ്ടുവന്ന പച്ചക്കറി ചൊവ്വാഴ്ചയും മാർക്കറ്റിലേക്ക് മാറ്റാത്തതാണ് നശിക്കാനിടയാക്കിയതെന്ന് കർഷകർ ആരോപിച്ചു.

നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിലെ കർഷകരാണ് മാർക്കറ്റിൽ പച്ചക്കറി എത്തിച്ച് ഹോർട്ടികോർപ്പിന് വിൽക്കുന്നത്.എന്നത്തേയും പോലെ എത്തിച്ച പച്ചക്കറിയുടെ ഒരു ഭാഗം മാത്രം ഹോർട്ടികോർപ്പ് ഏറ്റെടുക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുകയുമായിരുന്നു.എന്നാൽ മിച്ചമുള്ളത് കൂൾ ചേംബറിലേക്ക് മാറ്റിയില്ല.50 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമ്മിച്ച കൂൾചേംബർ ഇവിടെയുള്ളപ്പോഴാണ് പച്ചക്കറി പുറത്തിട്ട് അഴുക്കിക്കളഞ്ഞത്.

ബുധനാഴ്ച മാർക്കറ്റിലെത്തിയപ്പോഴാണ് തങ്ങളുടെ ഉത്പന്നങ്ങൾ ഏറ്റെടുക്കാതെ പുറത്തുകിടന്ന് അഴുകി നശിക്കുന്ന കാഴ്ച കർഷകർ കാണുന്നത്. പടവലവും വെള്ളരിയുമാണ് നശിച്ചത്.ഹോർട്ടികോർപ്പിന്റെ അനാസ്ഥ മഴക്കെടുതിക്ക് പിന്നാലെ കർഷകർക്ക് തിരിച്ചടിയായി. കർഷകർ വിപണിയിലെത്തിക്കുന്ന പച്ചക്കറി ഹോർട്ടികോർപ്പ് ഏറ്റെടുത്ത് വില നൽകുമെന്നാണ് സർക്കാർ ഉറപ്പ്.

ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങൾക്ക് യഥാസമയം പണം നൽകാറില്ലെന്നതിന് പുറമെയാണ് അനാസ്ഥയിലൂടെ കർഷകർക്ക് നഷ്ടം വരുത്തിവയ്ക്കുന്നതും.കർഷകർ എത്തിക്കുന്ന പച്ചക്കറിക്ക് ആറ് മാസം കഴിഞ്ഞാലും പ്രതിഫലം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ.

കുടിശ്ശിക ഇനത്തിൽ ഓരോ കർഷകർക്കും ലക്ഷങ്ങളാണ് ലഭിക്കാനുള്ളത്. ഹോർട്ടികോർപ്പിന്റെയും വിപണിയുടെയും അനാസ്ഥയിൽ കർഷകർ പ്രതിഷേധിച്ചതിനെ തുടർന്ന് നെടുമങ്ങാട് സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എത്തി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം താത്കാലികമായി അവസാനിപ്പിച്ചത്.