
സർവകലാശാലകളുടെ തലവനായ ചാൻസലർ പദവി വഹിക്കുന്ന ഗവർണറെ നോക്കുകുത്തിയാക്കി, വൈസ്ചാൻസലർ നിയമനങ്ങൾ കൈപ്പിടിയിലാക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു സർക്കാർ . സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമെന്ന ആരോപണം ഉയരുന്നതിനിടെ, വി.സി നിയമനം കൂടി സർക്കാരിന്റെ നിയന്ത്രണത്തിലായാൽ സർവകലാശാലകളുടെ സ്വയംഭരണത്തിനു മേൽ കരിനിഴൽ വീഴുമെന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. സർവകലാശാലകളുടെ തലവനായ ഗവർണറെ അധികാരങ്ങളെല്ലാം എടുത്തുമാറ്റി, തുടരാൻ അനുവദിക്കണമെന്ന നിയമപരിഷ്കരണ കമ്മിഷന്റെ വിവാദ ശുപാർശയാണ് സർക്കാർ തിടുക്കപ്പെട്ട് നടപ്പാക്കുന്നത്.
ഒൻപത് സർവകലാശാലകളുടെ നിയമത്തിൽ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തുക:- വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഗവർണർ നിയമിക്കുന്നത് നിറുത്തി, പകരം സർക്കാർ തന്നെ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കും. വി.സിയാക്കാനുള്ളവരുടെ പാനൽ നൽകുന്നതിലാണ് രണ്ടാമത്തെ ഭേദഗതി. നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഒറ്റ പാനലോ കമ്മിറ്റിയംഗങ്ങൾക്ക് വെവ്വേറെ പാനലോ നൽകാം. ഇതിനു പകരം, കമ്മിറ്റിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ അംഗീകരിക്കുന്ന പാനലാവും വി.സി നിയമനത്തിന് ഔദ്യോഗികപാനലായി ഗവർണർക്ക് കൈമാറുക. ഇതോടെ, സെർച്ച് കമ്മിറ്റിയിലുള്ള സർവകലാശാലാ സെനറ്റ് പ്രതിനിധിയും സർക്കാർ നിയമിക്കുന്ന ചാൻസലറുടെ പ്രതിനിധിയും അംഗീകരിച്ചാൽ സർക്കാരിന് 'വേണ്ടപ്പെട്ടവരെ' മാത്രം ഉൾപ്പെടുത്തി വി.സി നിയമനത്തിന് പാനൽ നൽകാനാവും. ഇതിൽനിന്ന് നിയമനം നടത്തുകയല്ലാതെ ഗവർണർക്ക് വേറെ വഴിയില്ലാതാവും. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ നിലവിൽ മൂന്നംഗങ്ങളാണ്- സെനറ്റ്, ചാൻസലർ, യു.ജി.സി പ്രതിനിധികൾ. ചാൻസലറുടെ പ്രതിനിധിയെ നിശ്ചയിക്കുന്നതും സെർച്ച്കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കുന്നതും ഗവർണറാണ്. കമ്മിറ്റിയാണ് അപേക്ഷകരുടെ യോഗ്യതകളടക്കം പരിശോധിച്ച് മൂന്നുമുതൽ അഞ്ചുവരെ പേരുകളുള്ള പാനൽ നൽകേണ്ടത്. പേരുകളിൽ സമവായമില്ലെങ്കിൽ ഓരോരുത്തർക്കും പ്രത്യേകമായി പാനൽ നൽകാം. ഇതിൽ നിന്ന് ഒരാളെ വി.സിയായി നിയമിക്കേണ്ടത് ഗവർണറുടെ വിവേചനാധികാരമാണ്. ഓർഡിനൻസ് വരുന്നതോടെ, സർക്കാരിന് താത്പര്യമുള്ളവർ മാത്രമാവും പാനലിലുണ്ടാവുക.
സർവകലാശാലകളുടെ സ്വയംഭരണവും വിശ്വാസ്യതയും അംഗീകാരവും ഉറപ്പാക്കാൻ ചാൻസലർക്ക് നൽകിയിട്ടുള്ള സവിശേഷ, വിവേചന അധികാരങ്ങൾ സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിംഗ് ജഡ്ജിയെ അദ്ധ്യക്ഷനാക്കി രൂപീകരിക്കുന്ന ട്രൈബ്യൂണലിന് നൽകണമെന്നാണ് സമിതിയുടെ ശുപാർശ.
15 വർഷം പ്രാക്ടീസുള്ള ഹൈക്കോടതി വക്കീൽ, വൈസ് ചാൻസലറുടേതിന് തുല്യമായ യോഗ്യതയുള്ള അക്കാഡമീഷ്യൻ എന്നിവരാണ് ട്രൈബ്യൂണലിലുള്ളത്. ഇവരെ സർക്കാരാണ് നിയമിക്കുന്നത്. സർവകലാശാലകളിലെ എല്ലാ അപ്പീലുകളിലും അന്തിമവാക്ക് ചാൻസലറുടേതാണ്. അടിയന്തര ഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട്. നിയമനങ്ങളിലും ചട്ടഭേദഗതികളിലുമടക്കം എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനമെടുക്കാം. പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാം. സിൻഡിക്കേറ്റെടുത്ത തെറ്റായ തീരുമാനം റദ്ദാക്കാം. ശുപാർശകളും ഭേദഗതികളും അംഗീകരിക്കാതെ, ഫയൽ അനന്തമായി പിടിച്ചുവയ്ക്കാനുമാവും. ഈ വിവേചനാധികാരങ്ങളെല്ലാം എടുത്തുമാറ്റാനാണ് ശുപാർശ.
സർവകലാശാലാ നിയമത്തിലെ തർക്കങ്ങൾ, സർവകലാശാലാ ഉദ്യോഗസ്ഥരും അദ്ധ്യാപകരും തമ്മിലുള്ള തർക്കങ്ങൾ, വൈസ്ചാൻസലർ ഇറക്കിയ ഉത്തരവിലുള്ള അപ്പീൽ, പുതിയ കോളേജുകളും കോഴ്സുകളും തുടങ്ങുന്നതിലെ അപ്പീൽ, വിദ്യാർത്ഥികളുടെ പരാതികൾ, പരീക്ഷകളെയും ബിരുദങ്ങളുടെ തുല്യതയും സംബന്ധിച്ച തർക്കങ്ങൾ, തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ എന്നിവയിൽ അന്തിമതീരുമാനം ട്രൈബ്യൂണലിനാക്കി. വൈസ് ചാൻസലർ, പ്രോവൈസ്ചാൻസലർ എന്നിവർക്കെതിരേ പണാപഹരണം, പെരുമാറ്റദൂഷ്യം എന്നിവയിലും ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അന്വേഷണം നടത്താനുള്ള അധികാരം ട്രൈബ്യൂണൽ അദ്ധ്യക്ഷനായിരിക്കും. യു.ജി.സി പ്രതിനിധിയടങ്ങിയ സെർച്ച്കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഒരാളെ വി.സിയായി ചാൻസലർ നിയമിക്കുന്നതാണ് നിലവിൽ. സെർച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ശുപാർശ ചെയ്യുന്നയാളെയാവണം വി.സിയാക്കേണ്ടതെന്നാണ് കമ്മിഷൻ ശുപാർശ. ഇതാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ച് ഓർഡിനൻസായി ഇറക്കുന്നത്.
കവരുന്ന
അധികാരങ്ങൾ
സർവകലാശാലാ നിയമഭേദഗതികൾ നിലവിൽ ചാൻസലറുടെ അനുമതി ലഭിച്ചാലേ നടപ്പാക്കാനാവൂ. വഴിവിട്ട ഭേദഗതികൾ ചാൻസലർ പിടിച്ചുവയ്ക്കുകയാണ് പതിവ്. ഇനി മുതൽ ചട്ടഭേദഗതി ഗവർണറുടെ അനുമതിക്കായി സമർപ്പിച്ച് 60 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കാനാണ് കമ്മിഷൻ ശുപാർശ. 60ദിവസത്തിനകം പുന:പരിശോധനയ്ക്ക് ചാൻസലർ ആവശ്യപ്പെട്ടാൽ സെനറ്റ് പരിശോധിക്കും. ആവശ്യമായ ഭേദഗതികളോടെ വീണ്ടും സെനറ്റ് അംഗീകരിച്ചാൽ ചട്ട, നിയമ ഭേദഗതികൾ പിന്നീട് ചാൻസലറുടെ അനുമതിക്കായി നൽകേണ്ടതില്ലെന്നാണ് കമ്മിഷന്റെ ശുപാർശ. ചാൻസലർ തീരുമാനമെടുക്കാൻ കാലതാമസം വരുത്തുന്നതു കാരണം സർവകലാശാലകളിൽ ഭരണപ്രതിസന്ധിയുണ്ടാവുന്നെന്നാണ് ഇതിനുള്ള കാരണമായി പറയുന്നത്. നിയമനങ്ങൾക്കുള്ള യോഗ്യതകൾ മാറ്റുന്നതടക്കം ഭരണപരമായ കാര്യങ്ങളടങ്ങിയ സ്റ്രാറ്റ്യൂട്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറത്തിറക്കാനുള്ള അധികാരം ഗവർണറിൽ നിന്ന് നീക്കണമെന്നും ശുപാർശയുണ്ട്. സെനറ്റ് പാസാക്കി അനുമതിക്കായി ചാൻസലർക്ക് അയയ്ക്കുകയാണ് നിലവിൽ. എന്നാൽ കുസാറ്റിൽ ഓർഡിനൻസ് അക്കാഡമിക് കൗൺസിൽ പാസാക്കി വൈസ്ചാൻസലർ അംഗീകരിക്കുകയാണ്. ഇത് എല്ലാ സർവകലാശാലകളിലും ബാധകമാക്കണം.
അക്കാഡമികവും ഭരണപരവുമായ കാര്യങ്ങളെക്കുറിച്ച് സർവകലാശാലകളോട് വിശദീകരണം തേടാനുള്ള അധികാരം പ്രോ-ചാൻസലറായ വകുപ്പുമന്ത്രിക്ക് നൽകാനാണ് ശുപാർശ. സർക്കാർ നയവുമായോ ഉന്നതവിദ്യാഭ്യാസ മേഖലയുമായോ ബന്ധപ്പെട്ട ഏത് കാര്യവും പ്രോചാൻസലർക്ക് സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്താം, ഉചിതമായ നടപടിയെടുക്കാം. നിലവിൽ പ്രോചാൻസലർക്ക് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാൻ അധികാരമില്ല. ആലങ്കാരിക പദവിയാണിത്. പ്രോ-ചാൻസലർ ഒരു ഫയലും കാണേണ്ടതില്ല. സെനറ്റിലും സിൻഡിക്കേറ്റിലും പങ്കെടുക്കേണ്ടതില്ല. ചാൻസലറുടെ അധികാരങ്ങൾ സർക്കാർ നിയോഗിക്കുന്ന സമിതിക്ക് കൈമാറുന്നതോടെ, സർവകലാശാലകളുടെ സ്വയംഭരണം അവതാളത്തിലാവും. സർക്കാരുകൾ സർവകലാശാലാ ഭരണം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനിടയുണ്ട്.
ഗവർണർ ഒപ്പിടുമോ?
സ്വന്തം അധികാരം കവരുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാനിടയില്ല. ഒപ്പിടാതെ തിരിച്ചയച്ചാൽ മന്ത്രിസഭ വീണ്ടും പരിഗണിച്ച് ഒരുവട്ടം കൂടി അയച്ചാൽ ഒപ്പിടണം. വീണ്ടും ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചുവച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. സർക്കാരിന് താത്പര്യമുള്ളയാളെ വി.സിയാക്കാൻ ഗവർണർ തയ്യാറാവാതിരുന്ന മുൻ അനുഭവം സർക്കാരിനു മുന്നിലുണ്ട്. സെർച്ച്കമ്മിറ്റിയിലെ ആദ്യത്തെ രണ്ടു പേരുകാരെ ഒഴിവാക്കി, ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലറായി ഡോ.മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു. ഡോ. പ്രവീൺലാൽ, മുൻമുഖ്യമന്ത്റി സി. അച്യുതമേനോന്റെ മകൻ ഡോ. വി.രാമൻകുട്ടി എന്നിവരെയാണ് ഗവർണർ ഒഴിവാക്കിയത്. അവസാന പേരുകാരനായിരുന്നു ഡോ.മോഹൻകുന്നുമ്മൽ. ഡോ.പ്രവീൺലാലിനെ വി.സിയായി നിയമിക്കുന്നതിനാണു താത്‌പര്യമെന്നു സർക്കാർ, രാജ്ഭവനെ അറിയിച്ചിരുന്നെങ്കിലും ഗവർണർ വകവച്ചിരുന്നില്ല.