
കെ.എസ്.ഇ.ബിയെ നഷ്ടത്തിലാക്കുന്നതിൽ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് പങ്കുണ്ട്. അതേസമയം അതൊഴിവാക്കി മറുവഴികൾ തേടാൻ മാറിമാറി ഭരണത്തിലെത്തുന്നവർ തയ്യാറാകില്ല. എന്താണ് ഇതിന് പിന്നിലെ മറിമായം? അഴിമതിയാണെങ്കിൽ അത് പുറത്തുവരേണ്ടതല്ലേ? കാരണം ഇതൊരു ചെറിയ മീനല്ല. 9000 കോടി രൂപയുടെ പ്രതിവർഷ ഇടപാടുള്ള ദീർഘകാല കരാറുകൾ സംസ്ഥാനത്തെ ഏറ്റവും വലിയ വാണിജ്യ ഇടപാടുകളിലൊന്നാണ്. ഇതിൽ നാല് കരാറുകളാണ് വിവാദത്തിലായത്.
ബോർഡ് ചെയർമാനായിരുന്ന ബി.അശോകിന്റെ സ്ഥാനമാറ്റത്തോടെയാണ് ഇതിന് പിന്നിൽ ദീർഘകാല കരാറുകാരുടെ ചരടുവലിയാണെന്ന വാർത്തകൾ പുറത്തുവന്നത്. മാത്രമല്ല ഈ കമ്പനികളുടെ പ്രതിനിധികൾ വന്നുകണ്ടപ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനേ താത്‌പര്യമുള്ളൂ എന്ന് താൻ അറിയിച്ചതോടെ അവർ മടങ്ങിയെന്നും റെഗുലേറ്ററി കമ്മിഷനിലെ ചിലർക്ക് പ്രതിഫലം വിദേശത്തുവച്ച് കൈമാറാമെന്ന് സൂചിപ്പിച്ച വിവരം താനറിഞ്ഞിരുന്നെന്നും കേരളകൗമുദിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മുൻ ചെയർമാൻ അശോക് വെളിപ്പെടുത്തുകയുണ്ടായി. അതീവ ഗുരുതരമായ ഒരു ആരോപണമാണിത്. അതും ഒരു മുൻ ചെയർമാൻ വെളിപ്പെടുത്തുമ്പോൾ പ്രഥമദൃഷ്ട്യാ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. ഇനി അതല്ല ഇത് അസത്യമാണെങ്കിൽ അത് പുറത്തുകൊണ്ടുവരേണ്ട ബാദ്ധ്യത സർക്കാരിന്റേതാണ്. സി.ബി.ഐ പോലുള്ള ഏജൻസികൾ വരുന്നതിന് മുൻപ് തന്നെ സംസ്ഥാന താത്‌പര്യം വിറ്റ് തിന്നുന്നവർ ആരാണെന്നത് പുറത്തുകൊണ്ടുവരേണ്ടത് ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സർക്കാരിന്റെ കടമയല്ലേ? അതു ചെയ്യാതിരിക്കുന്നതല്ലേ യഥാർത്ഥത്തിൽ ഭരണഘടനയെ അവഹേളിക്കൽ?
യു.ഡി.എഫ് ഭരിച്ചിരുന്നപ്പോഴാണ് കരാർ നിലവിൽ വന്നത്. ഡൽഹിയിൽ നിന്ന് ഒരു ഉന്നത വ്യക്തിയുടെ ഫോൺ വന്നതിന് ശേഷമാണ് ആദ്യം ഒപ്പിടാൻ മടിച്ചുനിന്നിരുന്ന ബോർഡ് കരാറിലേക്ക് അതിവേഗം എടുത്തുചാടിയതെന്ന് അധികാരത്തിന്റെ ഇടനാഴികളിൽ അന്നേ പറഞ്ഞുകേട്ടിരുന്നു. പിന്നീട് എൽ.ഡി.എഫ് സർക്കാർ വന്നിട്ടും കരാർ റദ്ദാക്കിയില്ല. എല്ലാവരെയും വിഴുങ്ങുന്ന ഈ തിമിംഗിലങ്ങൾ ആരാണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കാരണം കെ.എസ്.ഇ.ബി നഷ്ടത്തിന്റെ പേരിൽ നടപ്പാക്കുന്ന വൈദ്യുതി ചാർജ് വർദ്ധനയുടെ ഭാരം വഹിക്കേണ്ടിവരുന്നത് അവരാണ്. യു.ഡി.എഫ് ഭരണകാലത്ത് കരാർ ഒപ്പിട്ടപ്പോൾ ചെയർമാനായിരുന്നത് പിന്നീട് വിവാദ നായകനായ ശിവശങ്കറായിരുന്നു. പിന്നീട് പോൾ ആന്റണി ചെയർമാൻ ആയപ്പോഴും റെഗുലേറ്ററി കമ്മിഷന്റെ അനുവാദമില്ലാതെ കരാർ തുടർന്നു. റിട്ടയർ ചെയ്തതിനുശേഷം അടുത്തിടെ പോൾ ആന്റണി ഇതിൽ ഇടപെട്ടതും ഉത്തരം കിട്ടാത്ത വിചിത്ര സംഗതിയാണ്. കെ.എസ്.ഇ.ബിക്ക് പുതിയ ചെയർമാനെ നിയമിച്ചതിന് പിന്നാലെ വിവാദ കരാറുകൾ തുടരാൻ തീരുമാനിച്ചതും സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. സത്യസന്ധമായ അന്വേഷണം നടന്നാൽ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായിരിക്കും ഒരുപക്ഷേ ഇതിലൂടെ പുറത്തുവരിക.