qq

കാട്ടാക്കട: കാട്ടാക്കട-നെയ്യാർഡാം റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയിട്ട് പത്ത് വർഷത്തിൽ കൂടുതലായി. ഈ റോഡിൽ നവീകരണം നടത്താൻ ഇതുവരെ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.

നടുവൊടിഞ്ഞ കഥ പറഞ്ഞാലും അപകടങ്ങൾ ചൂണ്ടിക്കാണിച്ചാലും അവഗണനയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അതേസമയം മന്ത്രിമാർ പോകുമ്പോൾ രാത്രിയിൽ കുഴിയടയ്ക്കൽ പ്രഹസനം നടത്തി പോകും. എന്നാൽ അടയ്ക്കുന്ന കുഴികൾ മന്ത്രി പോയ പിന്നാലെ വീണ്ടും പഴയപടിയാകും.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ ഓണക്കൃഷി ഇറക്കി പ്രതിഷേധിച്ചു. കാട്ടാക്കട പട്ടകുളം ഭാഗത്താണ് നാട്ടുകാർ ഓണപ്പാട്ട് പാടി ഞാറു നട്ട് ഓണക്കൃഷി ഇറക്കി പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ ദിവസവും ചിലർ റോഡിൽ വാഴ വച്ച് പ്രതിഷേധിച്ചിരുന്നു. ഇതിലും മറുപടി ലഭിക്കാതായതോടെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ ഒരുകൂട്ടം ആളുകൾ ഓണപ്പാട്ടും നടീൽ പാട്ടുമായി ഞാറുനടീലും വാഴനടീലും ഒക്കെയായി ഓണക്കൃഷി നടത്താൻ രംഗത്തെത്തിയത്. ഇനിയെങ്കിലും തങ്ങളുടെ ആവശ്യം നിറവേറ്റാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.

അപകടം ഉറപ്പ്

കാട്ടാക്കട- നെയ്യാർഡാം റോഡിലൂടെ കാൽനടയായോ ഇരുചക്രവാഹനത്തിലോ യാത്രചെയ്താൽ അപകടം പറ്റിയില്ലെങ്കിൽ ഭാഗ്യമെന്ന് കരുതിയാൽ മതി. ഇവിടെ കുഴിയിൽ വീണ് അപകടംപറ്റുന്നവരും വാഹനം കേടാകുന്നവരും ഏറെയാണ്. ജോലിചെയ്ത് കിട്ടുന്ന പണം ആശുപത്രിയിലും വർക് ഷോപ്പിലും കൊടുക്കേണ്ട അവസ്ഥ.

നിരവധി പേരാണ് ദിവസവും ഈ ഭാഗത്ത് എത്തി വാഹനത്തോടൊപ്പം നിലത്തുവീഴുന്നത്.

ഫണ്ടുണ്ട്, കുഴികളും

റോഡിനായി ലക്ഷങ്ങളും കോടികളും അനുവദിക്കുന്നു എന്ന് ഫ്ലക്സുകളിൽ നിരത്തുമ്പോഴും റോഡിലെ ലക്ഷക്കണക്കിന് കുഴികൾക്ക് യാതൊരു കുറവും ഇല്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ റോഡിന് കോടികൾ അനുവദിച്ചതായി ബോർഡ് വച്ചിരുന്നു. എന്നാൽ റോഡ് പണിമാത്രം നടന്നില്ല.

ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. നിരവധി പ്രതിഷേധങ്ങളും പരാതികളും പോസ്റ്റുകളും, നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും സാംസ്കാരിക പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഈ റോഡിനെ സംബന്ധിച്ച് നടത്തിയിരുന്നു എന്നാൽ ഇതിനൊന്നും യാതൊരു പ്രതികരണവും ഇല്ല.