കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട കളദിപ്പച്ച, കുളക്കുടി, ആയിരവല്ലി പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ അനുമതിയോടെ അനധികൃത പാറഖനനത്തിന് അനുമതി നൽകാൻ നീക്കമെന്ന് കോൺഗ്രസ്. ജനവാസ മേഖലകളിൽ കോടതി ഉത്തരവിനെ തുടർന്ന് 15 വർഷമായി നിറുത്തിവച്ചിരുന്ന ഖനനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വകാര്യ പാറക്വാറി ഉടമ ഖനനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ പഞ്ചായത്തിന് നൽകിയിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്യാതെ മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കുകയും കോൺഗ്രസ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്.നിസാമിന്റെ നേതൃത്വത്തിൽ പരാതി പ്രദേശങ്ങൾ സന്ദർശിച്ചു.