
തിരുവനന്തപുരം: കുമാരപുരം നവരംഗം ലെയിനിലെ 'ഭാനുമതി"യെന്ന വീട്ടിലെത്തുന്നവരെ ചെറു പുഞ്ചിരിയോടെ സ്വീകരിച്ചിരുന്ന ഡോ. ലളിത ഇനി നിറമുള്ള ഓർമ്മ. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന സേവനസപര്യയിലൂടെ ഏകദേശം ഒരുലക്ഷത്തോളം നവജാത ശിശുക്കളാണ് ഗൈനക്കോളജി രംഗത്തെ പ്രശസ്തയായ ഡോ. ലളിതയുടെ കൈകളിലൂടെ ലോകത്തെത്തിയത്. മൂന്നും നാലും തലമുറകളുടെ പ്രിയ ഡോക്ടറായ ലളിത തന്റെ 85-ാമത്തെ വയസിലും ഒരു തുടക്കക്കാരിയുടെ ചുറുചുറുക്കോടെ മുന്നിലെത്തുന്ന രോഗികളെ പരിചരിച്ചു. അതുതന്നെയായിരുന്നു ഡോക്ടറുടെ ഏറ്റവും വലിയ പ്രത്യേകതയും. അധികം സംസാരിക്കാത്ത നിറഞ്ഞ പുഞ്ചിരിയുള്ള ഡോക്ടർ തന്റെ മേഖലയിലെ സമകാലീനർക്കും പിന്മുറക്കാർക്കും എന്നും മാതൃകയാണ്.
മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മ ആശാന്റെ മരണശേഷം 13 വർഷം കഴിഞ്ഞ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാർത്തികപ്പള്ളി സ്വദേശി സി.ഒ. കേശവനെ വിവാഹം കഴിച്ചു. ആ ബന്ധത്തിലെ നാല് മക്കളിൽ മൂത്തയാളാണ് ഡോ. ലളിത. 1954ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എം.ബി.ബി.എസിന് ചേർന്ന ലളിത നാലാം റാങ്കോടെ പാസായി.
അദ്ധ്യാപകനായ ഡോ. തമ്പാന്റെ കൂടി പ്രേരണയോടെ പി.ജി ഗൈനക്കോളജിക്ക് ചേർന്നു. സംസ്ഥാന ഹെൽത്ത് സർവീസിൽ നിന്ന് 1964ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. 1992ൽ എസ്.എ.ടിയിൽ നിന്ന് വിരമിച്ചു. മൃദുഭാഷിയായ ഡോ. ലളിത നല്ല അദ്ധ്യാപിക കൂടിയാണ്. ഡോ.എം.വി.പിള്ള, ഡോ.ഹരിദാസ്, ഡോ.ഭരത്ചന്ദ്രൻ തുടങ്ങി വലിയ ശിഷ്യ സമ്പത്തിനുടമ കൂടിയാണ്. മെഡിക്കൽ സംബന്ധമായ എല്ലാ പുസ്തകങ്ങളും ഉറപ്പായും വായിച്ചിരിക്കും. ഒപ്പം മറ്റ് പുസ്തകങ്ങളും വളരെ താത്പര്യത്തോടെ വായിക്കും. എസ്.എ.ടി ആശുപത്രി റിട്ട. പ്രൊഫസറും ഗൈനക്കോളജി മേധാവിയുമായിരുന്ന ഡോ. ലളിത റിട്ടയർമെന്റിന് ശേഷം എസ്.യു.ടി ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചത്.
പ്രൊഫഷനിൽ തനിക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞത് ഭർത്താവിന്റെയും മക്കളുടെയും പിന്തുണ കൊണ്ടാണെന്ന് ഡോ. ലളിത എന്നും ഓർമ്മിച്ചിരുന്നു. സാംസ്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന പരേതനായ സി.വി.ത്രിവിക്രമനാണ് ഭർത്താവ്. മാനേജ്മെന്റ് വിദഗ്ദ്ധയായ ലക്ഷ്മി എസ്.കുമാരൻ, നടി മാലാപാർവതി എന്നിവർ മക്കളാണ്. കുറച്ചു ദിവസം മുൻപ് ഇളയ മകൾ മാല പാർവതി ഡോ. ലളിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചപ്പോഴും ആരോഗ്യസ്ഥിതി മോശമാണെന്ന് അധികമാരും അറിഞ്ഞില്ല.
എന്നാൽ, ഇന്നലെ രാവിലെ അവർ തന്റെ എഫ്.ബി പേജിൽ കുറിച്ചതിങ്ങനെ 'അമ്മ യാത്രയായി ! തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിൽ വച്ചായിരുന്നു, 5.48ന്. ജൂലായ് 12 മുതൽ ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്. അറിഞ്ഞത് 12ന്, മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശുശ്രൂഷിക്കാൻ 22 ദിവസമേ കിട്ടിയുള്ളൂ'.