photo

മെഡിക്കൽ കോളേജ് ആശുപത്രികളിൽ കട്ടിലിനടിയിൽ വരെ രോഗികൾ കിടക്കേണ്ടിവന്ന ഒരു കാലമുണ്ടായിരുന്നു. ചികിത്സാ സൗകര്യങ്ങൾ നന്നേ കുറവായിരുന്ന കാലത്താണത്. ജില്ലാ ആശുപത്രികൾ ഉൾപ്പെടെ സർക്കാർ ചികിത്സാകേന്ദ്രങ്ങളിൽ സൗകര്യങ്ങളും പരിമിതമായിരുന്നു. താങ്ങാനാവാത്തവിധം രോഗികളെത്തി മെഡിക്കൽ കോളേജ് ആശുപത്രികളും വീർപ്പുമുട്ടാൻ തുടങ്ങിയപ്പോഴാണ് സംസ്ഥാനത്താദ്യമായി റഫറൽ സമ്പ്രദായം നിലവിൽ വന്നത്. വക്കം പുരുഷോത്തമൻ ആരോഗ്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് കൊണ്ടുവന്ന നല്ല പരിഷ്കാരങ്ങളിലൊന്നായിരുന്നു ഇത്. ഗുരുതര സ്വഭാവമുള്ള കേസുകൾ മാത്രം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു റഫർ ചെയ്യുന്ന സമ്പ്രദായം വന്നതോടെ അവിടങ്ങളിലെ തിരക്ക് കുറയ്ക്കാനായി. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ഉറപ്പാക്കാനും സാധിച്ചു. കുറച്ചുകാലം ഈ ഏർപ്പാട് നല്ലനിലയിൽ നടന്നെങ്കിലും പിന്നീട് പഴയ പടിയായി. ഇടയ്ക്കിടെ മെഡിക്കൽ കോളേജിലെ തിരക്കു കുറയ്ക്കാനും സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം ആവശ്യമായ രോഗികൾക്ക് നൽകാനും ഉദ്ദേശിച്ച് പരിഷ്കാരങ്ങൾ ഏർപ്പെടുത്താറുണ്ട്. എങ്കിലും ഇത്തരം ആശുപത്രികളിലെ തിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഈ ദൂഷിതവലയത്തിൽപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രികൾ വലയുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. പ്രധാനമായും ഈ ആശയം പൂർണമായും ഉൾക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നതുതന്നെ. ഒരല്പം ഗുരുതര സ്വഭാവത്തിലുള്ള അസുഖവുമായി എത്തുന്ന ഏതു രോഗിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു റഫർ ചെയ്യാൻ തിടുക്കം കാണിക്കാറുണ്ട്. ജനറൽ - ജില്ലാ ആശുപത്രികളിൽപ്പോലും മികച്ച എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. ഇതു പൂർണമായും ശരിയല്ലെന്ന് അറിയുന്നത് ഇങ്ങനെയുള്ള ആശുപത്രികളിൽ ചികിത്സയ്ക്കെത്തുമ്പോഴാണ്.

റഫറൽ - ബാക്ക് റഫറൽ സമ്പ്രദായം ഒരിക്കൽക്കൂടി പരീക്ഷിക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോേളജ് ആശുപത്രിയിലാണ് നടപ്പാക്കുന്നത്. പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങൾ കുറെക്കൂടി നല്ല നിലയിൽ നടപ്പാക്കാൻ കഴിയണം. മറ്റു സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും താമസംവിനാ അത് നടപ്പാക്കണം. വിവരസാങ്കേതിക രംഗം ഏറെ വികാസം പ്രാപിച്ച ഇക്കാലത്ത് രോഗികളുടെ ചികിത്സാരേഖകൾ ക്രോഡീകരിക്കാനും അതുപയോഗിച്ച് സംസ്ഥാനത്ത് എവിടെയുമുള്ള ആശുപത്രികളിൽ തുടർചികിത്സയ്‌ക്കും യാതൊരു വിഷമവുമില്ല. കടലാസ് തുണ്ട് പൂർണമായും ഉപേക്ഷിച്ച് എല്ലാം കമ്പ്യൂട്ടറിലാക്കിയാൽ മതി.

റഫറൽ സമ്പ്രദായം കുറ്റമറ്റതാകണമെങ്കിൽ ദ്വിതീയ തലത്തിലുള്ള സർക്കാർ ആശുപത്രികളുടെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്തണം. ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം റഫർ ചെയ്‌താൽ മെഡിക്കൽ കോളേജ് ആശുപത്രികളിലെ തിക്കുംതിരക്കും കുറയ്ക്കാനാവും. സാധാരണ ജലദോഷത്തിനും പനിക്കും വരെ അങ്ങോട്ട് ഓടുന്ന ശീലം ആളുകൾ ഉപേക്ഷിക്കണമെങ്കിൽ താഴെയുള്ള ആശുപത്രികളിൽ മതിയായ ചികിത്സ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. സ്പെഷ്യാലിറ്റി സ്വഭാവത്തിലുളള ചികിത്സയ്ക്കേ മെഡിക്കൽ കോളേജിലേക്കു പോകാവൂ എന്നത് ആളുകൾ ശീലമാക്കി മാറ്റണം. മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞാലും അനുബന്ധ - തുടർചികിത്സയ്ക്ക് വീടിനടുത്തുള്ള ആശുപത്രികൾ ഉപകരിക്കണം. അതിനു തക്കവിധം ദ്വിതീയതല ആശുപത്രികളിൽ പതിന്മടങ്ങ് സൗകര്യങ്ങൾ ഒരുക്കണം. മതിയായ കാരണമുണ്ടെങ്കിലല്ലാതെ രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യരുതെന്നാണ് നിബന്ധന. മെഡിക്കൽ കോളേജ് ആശുപത്രികളുടെ സേവനം രോഗികൾക്ക് പൂർണതോതിൽ ഉറപ്പാക്കാൻ ഈ സംവിധാനം വഴി സാധിക്കേണ്ടതാണ്. അത് വിജയിക്കട്ടെ എന്ന് ആശംസിക്കാം.