
തിരുവനന്തപുരം: എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു.സാഹചര്യമനുസരിച്ച് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതം.സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഓഫീസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലവർഷക്കാറ്റിന്റെ വേഗത മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിലായത് അതീവ ഗൗരവത്തോടെയാണ് സർക്കാർ നിരീക്ഷിക്കുന്നത്.2018ന് സമാനമായി ചാലക്കുടി പുഴയുടെ തീരത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കും.ആളുകൾ മാറാൻ കാത്തിരിക്കാതെ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂട്ടത്തോടെ കാഴ്‌ചകൾ കാണാൻ പോകരുത്.'ഫ്ലഡ് ടൂറിസം' അനുവദിക്കില്ല.മലയോര മേഖലകളിൽ ഒരേ സ്ഥലത്തു തന്നെ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യമായതിനാൽ യാത്രകൾ ഒഴിവാക്കണം.ലയങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റണം.എൻ.ഡി.ആർ.എഫിന്റെ ഒരു സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്.എല്ലാ കാലാവസ്ഥാ ഏജൻസികളുടെയും പ്രവചനം സമാന രീതിയിൽ ആയതിനാൽ മുന്നൊരുക്കങ്ങളിൽ കുറവ് വരുത്തിയിട്ടില്ല.ദുരന്തം ഒഴിഞ്ഞെന്ന് പ്രഖ്യാപിക്കും വരെ അതീവ ജാഗ്രത തുടരണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.