
വെഞ്ഞാറമൂട്: സ്വപ്നസാക്ഷാത്കാരത്തിനരികെ വിധി തട്ടിയെടുത്ത സ്കേറ്റിംഗ്താരം അനസ് ഹജാസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.ചൊവാഴ്ച ഹരിയാനയിൽ വച്ചുണ്ടായ ട്രക്കപകടത്തിലാണ് അനസ് മരണമടഞ്ഞത്. അനസിന്റെ സഹോദരൻ അജിംഷയും സുഹൃത്തുകളും ഹരിയാനയിലെ കൽക്ക കോവി ആശുപത്രിയിലെത്തിയിരുന്നു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം റോഡുമാർഗ്ഗം രാവിലെ 9 മണിയോടെ പുല്ലമ്പാറ അഞ്ചാംകല്ലിലെ വീട്ടിലെത്തിക്കും.
കന്യാകുമാരി മുതൽ കാശ്മീർ വരെ സ്കേറ്റിംഗ് ബോർഡിൽ യാത്രചെയ്യുക എന്ന ആഗ്രഹവുമായി മേയ് 29 നാണ് അനസ് യാത്രയാരംഭിച്ചത്. മധുര, ബംഗ്ലൂരു, ഹൈദരാബാദ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങൾ പിന്നിട്ട് ഹരിയാനയിൽ എത്തി. കാശ്മീർ എന്ന ലക്ഷ്യത്തിന് വെറും 300 കിലോമീറ്റർ അകലെവച്ചാണ് അനസിന്റെ ജീവൻ ട്രക്കപകടത്തിൽ പൊലിഞ്ഞത്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായാണ് സ്കേറ്റിംഗ് ബോർഡിൽ യാത്രചെയ്യാൻ അനസ് പഠിച്ചത്. അനസിന്റെ യാത്ര ഓരോ സ്ഥലം പിന്നിടുമ്പോഴും സുഹൃത്തുക്കളും നാടും സന്തോഷത്തിലായിരുന്നു. തന്റെ സ്വപ്നം പൂർത്തിയാക്കി മടങ്ങി വരുമ്പോൾ വലിയ സ്വീകരണമൊരുക്കണമെന്ന് അനസ് പറഞ്ഞിരുന്നെങ്കിലും ഇങ്ങനെയൊരു സ്വീകരണം നൽകേണ്ടിവന്നതിന്റെ വേദനയിലാണ് നാട്ടുകാരും സുഹൃത്തുക്കളും. ആറ്റിങ്ങലിൽ നിന്നും അനസിന്റെ മൃതദേഹം നാട് ഒന്നാകെ ഏറ്റുവാങ്ങി ഇരുചക്രവാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ പുല്ലമ്പാറയിലെ വീട്ടിലെത്തിക്കും.