
ആറ്റിങ്ങൽ: മഴക്കെടുതിയിൽ ചിറയിൻകീഴ് താലൂക്കിൽ വിവിധ വില്ലേജുകളിലായി മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഒരു വീടിന് സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. അഞ്ചുതെങ്ങ് വില്ലേജിൽ മീരാൻ കടവ് നസീമയുടെ വാടയിൽ വീട്, അമ്മൻകോവിലിന് സമീപം സുമേഷിന്റെ കൂനൻവിളാകം വീട്,ശാർക്കര വില്ലേജിൽ മഞ്ചാടിമൂട് ശ്യാമളയുടെ തോപ്പിൽ കണ്ണേറ്റ് വീട് എന്നിവയാണ് ഭാഗികമായി തകർന്നത്. ഇടയ്ക്കോട് അലി അക്ബറിന്റെ കുന്നുവിള വീട്ടിലെ കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു.
വാമനപുരം നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണെന്നും സാധാരണ വെള്ളം കയറുന്ന ഭാഗങ്ങളിലുള്ളവർ ശ്രദ്ധയോടെ ഇരിക്കണമെന്നും അടിയന്തര സഹായം ആവശ്യമുള്ളവർ കൺട്രോൾ റൂം നമ്പരുകളായ 0470 2622406, 9497711287 എന്നിവയിൽ അറിയിക്കണമെന്നും, അത്യാവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ചിറയിൻകീഴ് തഹസീൽദാർ എ. ജോൺസൺ പറഞ്ഞു.