padmanabha

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും നിറപുത്തിരി ചടങ്ങുകൾ നടന്നു. പൂജാരിമാർ കതിർക്കറ്റകൾ ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളിച്ച് പൂജിച്ച ശേഷം പുത്തരിച്ചോറും പായസവും ദേവന് നിവേദ്യമായി അർപ്പിച്ചു. പൂജിച്ച നെൽക്കതിരുകൾ പ്രസാദമായി സ്വീകരിച്ച ഭക്തർ അവ വീടുകളിലെത്തിച്ച് ഇല്ലം നിറച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 5ന് നിറപുത്തിരി ചടങ്ങുകൾ ആരംഭിച്ചു. പദ്മതീർത്ഥക്കരയിൽ നിന്ന് വാദ്യഘോഷങ്ങളോടെ കതിർക്കറ്റകൾ കിഴക്കേനടയിൽ ഗോപുരത്തിന് താഴെയെത്തിച്ചു. പൂജ കഴിഞ്ഞ് ശീവേലിപ്പുര വഴി പ്രദക്ഷിണമായി അവ അഭിശ്രവണ മണ്ഡപത്തിൽ കൊണ്ടുവന്നു. പെരിയനമ്പിയുടെ നേതൃത്വത്തിൽ നടന്ന പൂജകൾക്ക് ശേഷം ശ്രീകോവിലിനകത്തും ഉപദേവന്മാർക്കും കതിർക്കറ്റ നിറച്ചു. തുടർന്ന് കതിർപ്രസാദം ക്ഷേത്രത്തിന്റെ നാലുനടകളിലുമുള്ള കൗണ്ടറുകൾ വഴി ഭക്തർക്ക് വിതരണം ചെയ്തു. നെൽക്കൃഷിയിൽ നിന്ന് ആദ്യം കൊയ്യുന്ന കതിരാണ് ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നത്. നിവേദിച്ച കതിർക്കുലകൾ വീടുകളുടെ മുൻഭാഗത്ത് കെട്ടിത്തൂക്കും. ഒരു വർഷം മുഴുവനും ഇവ വീട്ടിലെ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതിലൂടെ ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പാളയം ഹനുമാൻ സ്വാമി ക്ഷേത്രം തുടങ്ങിയയിടങ്ങളിലും നിറപുത്തരി നടന്നു. കരമന നെടുങ്കാട് പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയുടെ ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷന്റെ നേതൃത്വത്തിലാണ് നിറപുത്തരിക്ക് കതിരുകൾ ഒരുക്കിയത്.

 കാപ്ഷൻ: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിറപുത്തരിക്കായുള്ള നെൽക്കതിർക്കെട്ട് തിരുവമ്പാടി കുറുപ്പ് ചുമന്നുകൊണ്ടുവരുന്നു. ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ ബി. സുരേഷ് കുമാർ,​ മാനേജർ ബി. ശ്രീകുമാർ,​ ക്ഷേത്രശ്രീകാര്യക്കാർ എസ്. നാരായണ അയ്യർ തുടങ്ങിയവർ സമീപം