ganja

തിരുവനന്തപുരം: ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറിക്കിയതോടെ പ്രദേശത്തെ യുവാക്കൾ ലഹരിക്ക് അടിമകളാകുന്നു. സാംസ്കാരിക പെരുമയിൽ പേരുകേട്ട മലയിൻകീഴ് ആനപ്പാറ കോളേജ്- സ്കൂൾ പരിസരം, പേയാട്, പുന്നാവൂർ, ഊരൂട്ടമ്പലം, കണ്ടല, പോങ്ങുംമൂട് മേഖലകളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നതായി പരാതി. പേയാട് വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോഗ്രാം കഞ്ചാവ് പായ്ക്കറ്റുകൾ എക്സൈസ് പിടിച്ചെടുത്തത് ഇക്കഴിഞ്ഞ ഒക്ടോബർ 1 നാണ്. ആഡ്രപ്രദേശിൽ നിന്ന് കൊറിയറായിട്ടാണ് കഞ്ചാവ് പായ്ക്കറ്റുകൾ കൊണ്ടുവന്നത്.

ലഹരി വില്പനയും ഉപയോഗവും വർദ്ധിച്ചതോടെ സാമൂഹ്യവിരുദ്ധശല്യവും പ്രദേശത്താകെ കൂടിയിട്ടുണ്ട്. യുവാക്കളും വിദ്യാർത്ഥികളുമാണ് ലഹരിമാഫിയാ സംഘത്തിന്റെ പ്രധാന ഇരകൾ. ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് ലഹരിമാഫിയാ സംഘം പ്രദേശത്താകെ താവളമാക്കിയതിൽ നാട്ടുകാർ ഭീതിയിലാണ്. വിവരം നൽകിയാൽ മാത്രമേ എക്സൈസും പൊലീസും അന്വേഷണത്തിന് തയാറാകുന്നുള്ളൂ. അവരുടേതായ നിലയ്ക്കുള്ള അന്വേഷണം ഉണ്ടാകാറേയില്ലെന്നാണ് പൊതുവേ ഉയർന്നിട്ടുള്ള ആക്ഷേപം.