dfo

വിതുര: പഞ്ചായത്തിലെ മണലി വാർഡിലെ ചെമ്പിക്കുന്ന്, തലത്തൂക്കാവ്, മുരുക്കുംകാല, ഇലവിൻമൂട്, വേങ്ങാതാര, ചാരുപാറ ,കല്ലൻകൂടി, കെമ്പ്രാംകല്ല്, എന്നീ ആദിവാസി മേഖലകളിൽ കാട്ടാനശല്യം. മഴ കനത്തതോടെയാണ് ആനകൾ കൂട്ടത്തോടെ ആദിവാസി ഉൗരുകളിൽ എത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടർച്ചയായി കാട്ടാനകൾ ഭീതിയും നാശവും പരത്തി വിഹരിക്കുകയാണെന്ന് ആദിവാസികൾ പറയുന്നു. മഴ ശക്തമായതോടെയാണ് ആനശല്യം രൂക്ഷമായത്. കാട്ടാനശല്യം മൂലം സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. പകൽസമയത്തുപോലും കാട്ടാനകൾ എത്തുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ഈ പ്രദേശങ്ങളിലെ ജനങ്ങൾ കൃഷി ചെയ്തിരുന്ന തെങ്ങ്, കമുക്, വാഴ, ചേന, ചേമ്പ്, മരച്ചിനി,​ കാച്ചിൽ, ഇടവിള കൃഷികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾക്ക് സ്കൂളിലും പോകാൻ കഴിയുന്നില്ല. തലത്തൂതക്കാവ് സ്കൂളിന്റെ മുന്നിൽവരെ കാട്ടാനകൾ എത്തുന്നുണ്ട്. കാട്ടാന ശല്യം തുടങ്ങിയ ദിവസം തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചെങ്കിലും യഥാസമയം എത്താത്തത് നാട്ടുകാരിൽ പ്രതിഷേധമുയർത്തി.

ഡി.എഫ്.ഒ സന്ദർശിച്ചു

മണലി വാർഡ്മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ആനശല്യത്തെക്കുറിച്ചുള്ള വിവരം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഡി.എഫ്.ഒ പ്രദീപ് കുമാറും സംഘവും ഇന്നലെ കാട്ടാനകൾ നാശം വിതച്ച മേഖലകൾ സന്ദർശിച്ചു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് മഞ്ജുഷാ ആനന്ദ്, പാലോട് റേഞ്ച് ഓഫീസർ ദിവ്യ, എഫ്.ആർ.സി ചെയർമാൻ കെ. മനോഹരൻ കാണി, രഞ്ചേഴ്സ് നെട്ടയം, കുമാർ, സജി, രാജൻ കാണി, രഞ്ജിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു. ഈപ്രദേശത്തെ കാർഷിക വിളകൾക്കുണ്ടായ നഷ്ടങ്ങൾക്ക് ഉടനെ പരിഹാരം ഉണ്ടാകുമെന്ന് ഡി.എഫ്.ഒ. പ്രദീപ്കുമാർ ഉറപ്പു നൽകുകയും ചെയ്തു.