
ബാലരാമപുരം:കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനുള്ള യാത്രയിലാണ് രാമപുരം ഇടവഴിക്കര വീട്ടിൽ അയ്യപ്പൻ.കൈത്തറിനൂലിൽ ദേശീയപതാക നെയ്ത് പുതിയ അദ്ധ്യായത്തിന് തുടക്കമിട്ട അയ്യപ്പനെന്ന എഴുപതുകാരന്റെ നെയ്ത്ത് വിദ്യയുടെ സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് വരെ എത്തിയിരിക്കുകയാണ്. 7 വർഷമായി കൈത്തറിനൂലിൽ രാഷ്ട്രത്തിനായി ഒരു ദേശീയ പതാക നെയ്യണമെന്ന ആഗ്രഹം നെഞ്ചിലേറ്റി നടക്കുകയായിരുന്നു തികഞ്ഞൊരു ഗാന്ധിയൻ കൂടിയായ അയ്യപ്പൻ.35 ഇഞ്ച് വീതിയിലും 55 ഇഞ്ച് നീളത്തിലുമുള്ള പതാക എൻ.എം.എസി മുപ്പത്തിമൂന്നാം നമ്പർ ഖാദിനൂലിലാണ് നെയ്യുന്നത്.ശ്രദ്ധയും ക്ഷമയും അതിസൂക്ഷ്മതയും വേണ്ട ജോലിയാണിത്.ശാസ്ത്രീയമായി പഠനത്തിനുശേഷമാണ് ദേശീയപതാക നെയ്തെടുക്കാൻ തീരുമാനിച്ചത്.7 ദിവസം കൊണ്ട് ദേശീയപതാക നെയ്യാനുള്ള പ്രാപ്തി കൈവരിച്ചതോടെ സോഷ്യൽ മീഡിയയിലും അയ്യപ്പൻ താരമായി.7 ദിവസം കൊണ്ട് ആദ്യം നെയ്ത ദേശീയ പതാകയ്ക്കായി ഏഴായിരത്തോളം രൂപയാണ് ചെലവായത്.അയ്യപ്പനെ പ്രശംസിച്ച് കേന്ദ്ര ടെക്സറ്റയിൽ മന്ത്രാലയവും സംസ്ഥാന സർക്കാരും രംഗത്ത് എത്തിയിട്ടുണ്ട്. മുൻ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ സഹായത്തോടെ ദേശീയപതാക പ്രധാനമന്ത്രിക്കും പതാക നെയ്യുന്നതിന്റെ സി.ഡി സംസ്ഥാന സർക്കാരിനും കൈമാറിയിട്ടുണ്ട്. കേന്ദ്ര ടെക്സ്റ്റയിൽ ഡെവലപ്മെന്റ് കമ്മീഷണർ പതാകയിൽ ചിലമാറ്റങ്ങൾ നിർദ്ദേശിച്ചതിനു പിന്നാലെ വീണ്ടും പുതിയ പതാക നെയ്യുന്നതിന്റെ പണിപ്പുരയിലാണ്.എട്ടാം വയസിൽ തുടങ്ങി 63 വർഷമായി നെയ്ത്തു തൊഴിൽ രംഗത്ത് സജീവമാണ്.ബാലരാമപുരം തുമ്പോട് സ്വദേശിയായ ജി.വാസുവാണ് ആദ്യഗുരു.മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം പാരമ്പര്യ നെയ്ത്ത് തൊഴിലാളികളാണ്. കൈത്തറിയെന്ന വ്യാജേന പവർലൂം തുണിത്തരങ്ങൾ വിപണി കൈയടക്കുമ്പോൾ വേറിട്ട ചിന്തയിലൂടെ ഖാദി വ്യവസായത്തിന് പുത്തനുണർവേകുകയാണ് കൈത്തറി ഗ്രാമത്തിലെ ഈ മുതിർന്ന നെയ്ത്തുതൊഴിലാളി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ തനത് ഖാദി നൂലിലൂടെ ദേശീയപതാക നെയ്താൽ ഖാദിഗ്രാമങ്ങൾ വീണ്ടും പിറവിയെടുക്കുമെന്നും കൈത്തറിയിൽ ദേശീയപതാക നെയ്യണമെന്ന് ഭാരതസർക്കാർ സർക്കുലർ ഇറക്കിയാൽ വർഷം തോറും 40 ലക്ഷം ദേശീയപതാകൾ കൈത്തറിയിൽ നെയ്തെടുക്കാനും ഇതുവഴി കൈത്തറിവ്യവസായം കൂടുതൽ അഭിവൃദ്ധിപ്പെടുത്താനും യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കാനും കഴിയുമെന്നും അയ്യപ്പൻ പറയുന്നു. 1997ൽ ഹാൻഡ്ലൂം വീവേഴ്സ് ഡെവലപ്മെന്റ് കൗൺസിൽ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.സർവോദയ സംഘം വെള്ളനാട് കോട്ടൂർ യൂണിറ്റിന് കീഴിൽ നെയ്‌ത്ത് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.സർക്കാരിന്റെയും വിവിധ കൈത്തറി യൂണിറ്റുകളിലും നെയ്ത്ത് പരിശീലനക്കളരികളിലും അഖിലേന്ത്യാ കൈത്തറി പ്രദർശനമേളകളിലും പങ്കെടുത്തിട്ടുണ്ട്.