
വർക്കല: വർക്കല റെയിൽവേ സ്റ്റേഷൻ പരിസരം, നടയറ പുല്ലാന്നിക്കോട് എന്നിവിടങ്ങളിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ രണ്ടംഗസംഘത്തെ വർക്കല പൊലീസ് പിടികൂടി. വർക്കല, അയന്തി ജാൻസി മന്ദിരത്തിൽ ഷിജോ (20), വക്കം ഇറങ്ങുകടവ് പുളിവിളാകം ക്ഷേത്രത്തിന് സമീപം കായൽ വിളുമ്പ് വീട്ടിൽ ഷിജു (20) എന്നിവരാണ് പിടിയിലായത്. പൾസർ യമഹ കമ്പനികളുടെ ബൈക്കുകളാണ് ഇവർ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും നിറം മാറ്റിയും സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നത്. വർക്കലയിലെ മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച സി.സിടിവി ദൃശ്യങ്ങളും മറ്റുമാണ് കേസിൽ വഴിത്തിരിവായത്. മോഷണ സംഘത്തിലെ മറ്റ് രണ്ട് പേർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. വർക്കല ഡി.വൈ.എസ്.പി പി. നിയാസ്, എസ്.എച്ച്.ഒ സനോജ്. എസ്, സബ് ഇൻസ്‌പെക്ടർ രാഹുൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.