
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭവൻ ടാഗോർ ഓർമ്മ ദിനമായ 7ന് സംഘടിപ്പിക്കുന്ന രബീന്ദ്രസംഗീത ശില്പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു.രബീന്ദ്രനാഥ് ടാഗോറിന്റെ ജീവിതവും കലയും ആസ്പദമാക്കി കവിയും ഗാനരചയിതാവുമായ ഡോ.ജയകുമാർ പുതുതായി രചിച്ച രബീന്ദ്ര സംഗീത കാവ്യ രചനയുടെ ചിട്ടപ്പെടുത്തലും തുടർന്ന് ഗാനാലാപനവും സംഗീത ശില്പശാലയിൽ ഒരുങ്ങും. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി ശില്പശാല നയിക്കും.7ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന സംഗീത ശില്പശാലയിലും ഗാനാലാപനത്തിലും പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് bharathbhavankerala@gmail.com എന്ന ഇ മെയിൽ വഴിയോ, 7ന് രാവിലെ 9.30ന് മുമ്പായി ഭാരത് ഭവൻ ഓഫീസിൽ നേരിട്ടെത്തിയോ പേരുകൾ രജിസ്റ്റർ ചെയ്യാം.സംഗീത ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സാക്ഷ്യപത്രം നൽകി രബീന്ദ്ര സംഗീത അവതരണത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0471 4000282.