തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി വിവിധ പട്ടികജാതി സംഘടനകൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി മൊഴി. പ്രതികളായ തിരുവല്ലം സ്വദേശി സിന്ധുവിനെയും അജിതയെയും മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മൊഴി നൽകിയത്. മനുഷ്യാവകാശ, പട്ടികജാതി മേഖലകളിൽ പ്രവർത്തിക്കുന്ന ചില സംഘടനാ നേതാക്കൾക്കെതിരെയാണ് ഇവരുടെ മൊഴി. കോർപ്പറേഷനിലെ ആനുകൂല്യങ്ങൾ ഇവർ തട്ടിയെടുക്കുന്നുവെന്ന് മനസിലാക്കിയ സംഘടനകൾ പണം ആവശ്യപ്പെട്ട് പ്രതികളെ സമീപിക്കുകയായിരുന്നു. ഒരു സംഘടനയ്ക്ക് 19 ലക്ഷം രൂപവരെ നൽകിയതായും പ്രതികൾ മൊഴിനൽകി. മറ്റുചില സംഘടനകളിൽ പ്രവർത്തിക്കുന്ന നേതാക്കളും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. പരാതി നൽകുമെന്ന് പറഞ്ഞാണ് എല്ലാവരും പണം തട്ടിയെടുത്തത്. നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സബ്‌സിഡി പണം പ്രതികൾ മാറിയെടുത്തിട്ടുള്ളത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാജരേഖകൾ തയ്യാറാക്കുന്ന സംഘത്തെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വിവിധ ബാങ്കുകളുടെ പേരിൽ വ്യാജരേഖകൾ തയാറാക്കിയത് വള്ളക്കടവ്, പൂന്തുറ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ നേതൃത്വത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതി സിന്ധുവിന്റെ വീട്ടിലും ബന്ധുവീടുകളിലും നടത്തിയ പരിശോധനയിൽ വ്യാജസീലുകളും വ്യാജ ജാതിസർട്ടിഫിക്കറ്റ് അടക്കമുള്ളവയും പിടിച്ചെടുത്തിട്ടുണ്ട്. വായ്പാ സബ്‌സിഡി നേടിയതിന്റെ രേഖകൾ,​ വിവിധ ആളുകൾക്ക് പണം നൽകിയതിന്റെ വിവരങ്ങൾ എന്നിവയടങ്ങിയ ഡയറികളും പിടിച്ചെടുത്തു. പട്ടികജാതി ഫണ്ട് തട്ടിപ്പ് സമഗ്രമായി അന്വേഷിച്ച് പ്രതികളെ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ കരമന അജിത്ത് വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് പരാതി നൽകി.