chozhattukotta

മലയിൻകീഴ്: മഴക്കെടുതിയിൽ ഗ്രാമങ്ങളിൽ വ്യാപകമായ കൃഷിനാശം. മാറനല്ലൂർ, വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ ലഭിച്ച പ്രാഥമിക കണക്കുകൾ പ്രകാരം 2.75 കോടി രൂപയുടെ നാശമുണ്ടായി. എന്നാൽ വില്ലേജ്, ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ എന്നിവർ അന്വേഷണം നടത്തിയ ശേഷമേ നഷ്ടം എത്രയാണെന്ന് നിശ്ചയിക്കു. മാറനല്ലൂർ പഞ്ചായത്തിൽ 9.5 ഹെക്ടറിൽ കൃഷിനാശമുണ്ടായി. വെള്ളം ഒലിച്ച് പോകാനാകാതെ കെട്ടി നിന്നും മറ്റ് പുരയിടങ്ങളിൽ നിന്ന് വെള്ളം കയറിയുമാണ് ഏറെയും കൃഷിക്ക് നാശമുണ്ടായതെന്ന് കർഷകർ പറയുന്നു. മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല, ചീനിവിള, അണപ്പാട്, കൂവളശ്ശേരി, ഇണ്ടനൂർ, ഇറയെകോട്, പുന്നാവൂർ എന്നിവിടങ്ങളിലാണ് കൃഷിനാശമുണ്ടായത്. സഹകരണ സംഘങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും പലിശയ്ക്ക് കടമെടുത്തുമാണ് കർഷകരിൽ ഭൂരിപക്ഷം പേരും കൃഷി നടത്തിയിരുന്നത്. കൃഷി ആവശ്യത്തിന് ദേശസാത്കൃത-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കിടപ്പാടം വരെ പണയപ്പെടുത്തിയാണ് പലരും വായ്പകൾ തരപ്പെടുത്തിയിട്ടുള്ളത്. വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട വെള്ളൈകോണം ഭാഗത്ത് 1000 ലേറെ വാഴകൾ വെള്ളക്കെട്ടിലായി. പച്ചക്കറി കൃഷി പൂർണമായും നശിച്ചു. മലയിൻകീഴ് പഞ്ചായത്തിൽ വലിയറത്തല, മണപ്പുറം,അന്തിയൂർക്കോണം,മച്ചേൽ,തച്ചോട്ടുകാവ് എന്നീ സ്ഥലങ്ങളിലാണ് ഏറെ കൃഷിനാശം ഉണ്ടായത്. വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ 09 ഹെക്ടറിൽ വാഴകൃഷി നശിച്ചിട്ടുണ്ട്. കുരിശുമുട്ടം,വിട്ടിയം,മുളയറ,ചെറുകോട്, കരുവിലാഞ്ചി എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്ന് കൃഷി നശിച്ചു. വെള്ളം ഇറങ്ങിയതിന് ശേഷമേ നാശനഷ്ടം നിശ്ചയിക്കാനാകുവെന്നാണ് കൃഷി ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. നിത്യേന നിരവധി പേരാണ് കൃഷി നശിച്ചതുമായി ബന്ധപ്പെട്ട അപേക്ഷയുമായി ഓഫീസുകൾ കയറി ഇറങ്ങുന്നത്. കൊവിഡിന്റെ പശ്ചത്തലത്തിൽ ഇരട്ടി ദുരിതമാണ് മഴക്കെടുതിമൂലം കർഷകർ അനുഭവിക്കുന്നത്. മണപ്പുറം ഭാഗത്ത് കപ്പവാഴ, ഏത്തൻ,പച്ചക്കറി എന്നിവ മഴക്കെടുതിയിൽ നശിച്ചു.കുലവന്നതാണ് ഒടിഞ്ഞ് വീണ വാഴയിലേറെയും.കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.