
തിരുവനന്തപുരം: നിലവിലെ പ്രാതിനിദ്ധ്യ വോട്ട് രീതിയനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ എസ്.എൻ.ഡി.പി യോഗത്തിൽ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേസരിയിൽ മീറ്റ് ദ പ്രസിൽ വ്യക്തമാക്കി.
ഹൈക്കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ്. യോഗം ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ. വിശ്വനാഥന്റെ സമയത്താണ് ആദ്യമായി പ്രാതിനിദ്ധ്യ വോട്ട് സംവിധാനം നടപ്പിലായത്. നൂറ് വോട്ടർമാർക്ക് ഒരു വോട്ടെന്ന ക്രമത്തിലായിരുന്നു അന്ന്.
പിന്നീട് അംഗങ്ങളുടെ എണ്ണം കൂടിയപ്പോൾ അത് 200 പേർക്ക് ഒന്നായി പുനഃക്രമീകരിച്ചു. നിലവിൽ 34 ലക്ഷം അംഗങ്ങളാണ് യോഗത്തിനുള്ളത്. ഒരംഗത്തിന് ഒരു വോട്ടെന്ന രീതി നടപ്പായാൽ ഓരോ വോട്ടർക്കും രജിസ്ട്രേഡ് നോട്ടീസ് അയയ്ക്കുന്നതിനു തന്നെ കോടിക്കണക്കിന് രൂപയുടെ ചെലവുണ്ടാകും. അതിനാലാണ് പ്രാതിനിദ്ധ്യ രീതി തുടരണമെന്ന് പറയുന്നത്.
 ശബരിമല സമരം കൊണ്ട് ആർക്കെന്ത് ഗുണം
ശബരിമല സമരം കൊണ്ട് ആർക്കെന്ത് ഗുണമുണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കരുങ്ങി. സമരത്തോട് ആദ്യമേ എസ്.എൻ.ഡി.പി യോഗത്തിന് യോജിപ്പില്ലായിരുന്നു. സമരമുണ്ടാക്കിയവർ മന്ത്രിസ്ഥാനം സ്വപ്നം കണ്ടാണ് നടന്നത്. എന്നിട്ടോ, 99 സീറ്റുമായി എൽ.ഡി.എഫ് അധികാരത്തിൽ വീണ്ടും വന്നു. ശബരിമല സ്ത്രീ പ്രവേശനത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്താളെ കിട്ടുമെന്ന് കണ്ടപ്പോൾ ചിലർ സമരവുമായി ഇറങ്ങി. മൂന്ന് തമ്പുരാക്കന്മാരാണ് സമരമുണ്ടാക്കിയത്.
നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ ആദ്യയോഗത്തിൽ എൻ.എസ്.എസും ബ്രാഹ്മണ സംഘടനകളുമെല്ലാമുണ്ടായിരുന്നു. കുറേക്കഴിഞ്ഞപ്പോൾ അവർ പോയി. ആരു പോയാലും ഞാൻ മാറില്ല. എൻ.എസ്.എസുമായി യാതൊരു ബന്ധവും ഇനിയില്ല അത് ചത്ത കുഞ്ഞാണ്. തമ്പ്രാൻ അടിയൻ മനോഭാവം ആർക്കും പാടില്ല. ഞാൻ ചത്തിട്ടേ ചർച്ചയുള്ളൂവെന്നാണ് അവർ പറയുന്നത്. എന്നാൽ, പലരുടെയും പപ്പടം കൂടി കഴിച്ചേ ഞാൻ പോകൂ-വെള്ളാപ്പള്ളി പറഞ്ഞു.
 പിണറായി കരുത്തനായ മനുഷ്യൻ: വെള്ളാപ്പള്ളി
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന നിലപാടുമായി കേരളം ഭരിക്കുന്ന കരുത്തനായ മനുഷ്യനാണ് പിണറായി വിജയനെന്ന് എസ് .എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേസരിയിൽ മീറ്റ് ദി പ്രസിൽ പറഞ്ഞു.
പാവങ്ങളുടെ വേദനയറിഞ്ഞ് കിറ്റും ,പെൻഷനുമെല്ലാം നൽകിയതോടെ അദ്ദേഹത്തിൽ ആളുകൾക്ക് വിശ്വാസം വന്നു. ഉമ്മൻ ചാണ്ടി ഒറ്റക്കാലിൽ നിന്ന് അപേക്ഷ വാങ്ങി കൊടുത്തതിനേക്കാൾ കൂടുതൽ ആനുകൂല്യം ഇടതു സർക്കാർ ജനങ്ങൾക്കു നൽകുന്നു.
കേരളത്തിൽ വർഗീയ ധ്രുവീകരണം കൂടിയതിൽ ബി.ജെ.പിയെ മാത്രം പറയാനില്ല. ഭിന്നശേഷിക്കാർക്ക് എസ്.എൻ.കോളേജിലും സ്കൂളുകളിലും നിയമപ്രകാരമുള്ള സംവരണം നൽകാൻ തയ്യാറാണ് . ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിക്കും മുമ്പ്, കാന്തപുരത്തെപ്പോലെ സർക്കാരുമായി ചേർന്ന് നിൽക്കുന്നവരുടെ എതിർപ്പ് കണക്കാക്കണമായിരുന്നു.
യു.ഡി.എഫിന്റെ ഭാവി അധോഗതിയാണ്. കോൺഗ്രസിന് പ്രതിഷേധിക്കാൻ പോലും കഴിവില്ലെന്ന് ബി.ജെ.പി മനസിലാക്കിയതാണ് അമ്മയെയും മകനെയും ചോദ്യം ചെയ്യാൻ കാരണം. ഗ്രൂപ്പ് അവസാനിപ്പിക്കുമെന്ന് പറഞ്ഞ കെ.സുധാകരന്റെ പേരിലും ഗ്രൂപ്പാണ്. കേരളത്തിൽ ബി.ജെ.പി യുടെ ഭാവി "ഗോപി" യാണ്. ക്ലിഫ് ഹൗസിൽ ബിരിയാണി ചെമ്പിൽ പണം കൊണ്ടുവന്നുവെന്ന് സ്വപ്ന പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി മുസ്ലിം സമുദായാംഗത്തെ നിയമിച്ചത് മന്ത്രിയായിരുന്ന കെ.ടി.ജലീലിന്റെ താല്പര്യപ്രകാരമാണെന്ന്ഒരാഴ്ച മുൻപ് ജലീൽ തന്നെ വന്നുകണ്ടപ്പോൾ പറഞ്ഞു. സംസ്ഥാനത്തെ ഒരു സർവകലാശാലയിലും മുസ്ലീം വൈസ് ചാൻസലറില്ലാത്തതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള പിണക്കം മാറി- വെള്ളാപ്പള്ളി പറഞ്ഞു.