
പാറശാല:മഹേശ്വരം ശ്രീശിവ പാർവതി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നിർമ്മാല്യ ദർശനത്തിനും മഹാഗണപതി ഹോമത്തിനും വിശേഷാൽ പൂജകൾക്കും ശേഷം മേൽശാന്തി കുമാർ മഹേശ്വരത്തിന്റെ കാർമ്മികത്വത്തിൽ കതിർകറ്റകളുമായി ക്ഷേത്രത്തെ വലംവച്ച് ശ്രീകോവിലിനുള്ളിൽ ദേവന് സമർപ്പിച്ചു. നെല്ല് കുത്തി പുത്തരിയാക്കി പായസ കൂട്ടുണ്ടാക്കി ഭഗവാന് നൈവേദ്യമായും സമർപ്പിച്ചു. ദീപാരാധനയ്ക്കു ശേഷം പൂജിച്ച കതിർകറ്റകളും നിവേദിച്ച പായസവും ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിതരണം ചെയ്തു.